Monday, November 7, 2016

വിശപ്പിന്‍റെ ഒരു ഒന്നൊന്നര വിളി



ഭക്ഷണം എന്ന ഭൂലോക മോട്ടിവേഷന്‍ ആണ് എന്നെ ഈ ലോകത്ത് നിലനില്പ്പിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .ഫോര്‍ ഉദാ : ഞാന്‍ ഇപ്പോള്‍ തൂങ്ങി ചാകാന്‍ നിക്കുവാണേല്‍ എന്നെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഒരു പഴുത്ത ചക്കയോ അല്ലേല്‍ ഒരു ദം ബിരിയാണിയോ പരിസര പ്രദേശത്തെങ്ങാനും കൊണ്ട് വച്ചാല്‍ മതി .വേറെ പ്രത്യേകിച്ചു ഒരു തെറാപ്പിയുടെ ആവശ്യം ഇല്ല .നമ്മള്‍ അതിന്‍റെ പിറകെ അങ്ങ് പോയ്‌കോളും. അതു  പോലെ തന്നെ നമ്മെ കൊല്ലാനും വളരെ എളുപ്പമാണ്,സോ സിമ്പിള്‍  വല്ല ഐസ്ക്രീമിലും എലിവിഷം തന്നാല്‍ മതി .എപ്പോള്‍ തിന്നു തട്ടി പൊയ് എന്ന് ചോദിച്ചാ മതി! 

image courtesy -www.pixabay,com
 
 .എന്‍റെ ഈ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ഞാന്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ മാത്രമേ  നമ്മടെ വീട്ടിലെ  ദോശയുടെയും ഇഡ്ലിയുടെ  എണ്ണമൊക്കെ  അമ്മ എണ്ണാന്‍ തുടങ്ങുകയുള്ളൂ .അല്ലെങ്കില്‍ അമ്മയുടെ കണക്ക് പാളും.ഞാന്‍ വളരുന്നതോടെ ഭക്ഷണത്തോടുള്ള എന്‍റെ പ്രണയം വര്‍ധിച്ചു വന്നു.പക്ഷെ അതിനു ആനുപാതികമായ് ശരീര വളര്‍ച്ച നമ്മള്‍  രേഖപെടുത്തിയില്ല . .ആ സമയത്ത് ആകെ മൊത്തം  ഒരു ലുട്ടാപ്പിയുടെ വലുപ്പം മാത്രം ഉണ്ടായിരുന്ന എന്നെ ഒരു ദിവസം രാവിലെ വരാന്തയില്‍ നിന്ന് വെട്ടി വിഴുങ്ങുന്നത് കണ്ട  അടുത്ത വീട്ടിലെ  കുമാരേട്ടന്‍ പറഞ്ഞു “ചെക്കന്‍റെ മീറ്റര്‍ റീഡിങ്ങില്‍ എന്തോ പ്രശ്നം ഉണ്ട്” .ഏതായാലും കാലത്തിന്‍റെ കുത്തൊഴുക്കില്‍  വളര്‍ന്നു  പന്തലിച്ച ഞാന്‍ ആജാനുഭാഹു ആയപ്പോളേക്കും  അതൊന്നും കാണാന്‍ താത്പര്യം കാണിക്കാതെ കുമാരേട്ടന്‍  ഇഹലോക വാസം വെടിഞ്ഞു.
 
വീട്ടില്‍ എന്‍റെ ഭക്ഷണ രീതി വല്യ രീതിയില്‍ പ്രശ്നം  സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍  അവൈല്യബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്നു സത്വര നടപടികള്‍ കൈ കൊണ്ടു .അതില്‍ ഒന്നാമത്തേത് നമ്മള്‍ അതു വരെ താത്പര്യം കാണികാത്ത  ഭക്ഷണ സാധനങ്ങളായ പാവയ്ക്ക ,ഉലുവ ,പെരുംജീരകം തുടങ്ങിയ സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക എന്നതായിരുന്നു .ഉള്‍പാര്‍ട്ടി  ജനാധിപത്യം അവിടെ തീരെ അനുവധിച്ചിട്ടില്ലാത്തതിനാലും  ഭൂരിപക്ഷ വോട്ടുകള്‍ ആ തീരുമാനത്തെ അനുകൂലിച്ചതിനാലും അതില്‍ പിന്നീട് ഒരു ചര്‍ച്ച ഉണ്ടായില്ല .പക്ഷെ നമ്മള്‍ ഏതാ മൊതല് .ഒരു രണ്ടു ദിവസം കൊണ്ട് ഈ പറഞ്ഞ സാധനങ്ങളെ എല്ലാം എന്‍റെ ആമാശയം ദഹിപ്പിക്കാന്‍ തുടങ്ങി .അനന്തരം രണ്ടാമത്തെ  നടപടി അമ്മയുടെ വീടായ പാലത്തായിയിലേക്ക്  ഇടയ്ക്കിടെ അയക്കുക എന്നായിരുന്നു .ഒരാഴ്ചയ്ക്കിടെ പലപ്പോളായി  കേറി ചെല്ലുന്ന എന്നെ ആദ്യമാദ്യം അവിടെ ഉള്ള എല്ലാരും പ്രോത്സാഹിപ്പിച്ചെങ്കിലും പിന്നെ അവര്‍ക്ക് സംഭവങ്ങളുടെ കിടപ്പ് മനസ്സിലായി തുടങ്ങി .പിന്നെ... പിന്നെ ഞാന്‍  ചെല്ലുമ്പോള്‍ തന്നെ എപ്പോള പോണത് എന്ന ചോദ്യം ആദ്യമേ ഇന്‍വേര്‍റ്റെഡ് കോമയിട്ടു ചോദിക്കും  .എന്നിട്ടേ അവിടുത്തേക്കുള്ള ആ ആഴ്ചത്തെ അരി വാങ്ങൂ!

എന്‍റെ ഒടുക്കത്തെ ഈ തീറ്റ പ്രാന്ത് കാരണം മോളില്‍ ഇരിക്കുന്നവന്‍ എനിക്കിട്ടു നല്ല മുട്ടന്‍ ഒരു പണി എര്‍പ്പാടാക്കിയ കാര്യം ഞാന്‍ വളരേ വൈകിയാണ് അറിഞ്ഞത് .കണ്ണൂരില്‍ താമസിച്ചു ജോലി ചെയ്യുന്ന സമയത്താണ് ആ കൊട്ടേഷന്‍ മൂപ്പരു അപ്പ്രൂവ് ചെയ്തതു .അന്ന് കണ്ണൂരില്‍ ഹര്ത്താല് ഇപ്പോളത്തെക്കാള്‍ കൂടുതല്‍  കിട്ടും .എപ്പോള്‍ എങ്ങനെ ഇവന്‍ ഉണ്ടാകുമെന്ന് ചാള്‍സ് ഡാര്‍വിനു പോലും പറയാന്‍ സാധിക്കില്ല .കണ്ണൂരില്‍ പുലി ഇറങ്ങാറില്ല .പക്ഷെ ഹര്‍ത്താല്‍ ഇറങ്ങും .ഫലത്തില്‍ രണ്ടും മാത്തമാറ്റിക്സ് ആണ് .ആള്‍ക്കാരൊന്നും പേടിച്ചു പുറത്തിറങ്ങാറില്ല .ഒരു ദിവസം രാവിലെ എണീറ്റപ്പോള്‍ ആണ് അന്ന് ഹര്‍ത്താല്‍ ആണെന്ന് അറിയുന്നത്.കേട്ടപ്പോള്‍ തന്നെ എന്‍റെ കിളി പോയ്! വേറൊന്നും അല്ല ഭക്ഷണം തന്നെ വിഷയം .ഒരു പൂച്ചകുട്ടി പോലും ഇറങ്ങി നടക്കാത്ത  അവസ്ഥയാണ് ഭായ് !പിന്നെ ഹോട്ടലിന്‍റെ  കാര്യം പറയാനും ഇല്ല .മുറിയില്‍ മൊത്തം തപ്പി നോക്കിയിട്ട് ഒരു കടല മിഠായി പോലും ഇല്ലാത്ത അവസ്ഥ.ഞാന്‍ അന്ന്  വിശന്നു ചത്ത്‌ പോവും എന്നെനിക്കു തോന്നി .അന്ത്യാഭിലാഷമായി വീട്ടുകാരെ വിളിക്കണം എന്ന് തോന്നിയെങ്കിലും ഫോണ്‍ ബൂത്ത്‌  തുറന്നിട്ടില്ല എന്ന നഗ്ന സത്യം അതില്‍ നിന്നും പിന്തിരിപ്പിച്ചു .ഇനി മരണത്തെ അഭിമുഖീകരിച്ചു കളയാം എന്ന് തന്നെ വിചാരിച്ചു

ഉച്ചയ്ക്ക് ഒരു പന്ത്രണ്ടു മണി വരെ ഈ ചിന്തയുമായി പിടിച്ചു നിന്നെങ്കിലും പിന്നെ ഒരു ലെവലും കിട്ടാതെ മുറിയും പൂട്ടി പുറത്തേക്കു നടന്നു .എന്‍റെ വയറു പോലെ തന്നെ എല്ലായിടത്തും ശൂന്യത മാത്രം! . അവിടെ കിടന്ന ഒരു നോട്ടിസ്  കീറി അതില്‍ എന്‍റെ പേരും നാളുമൊക്കെ എഴുതി പോക്കറ്റില്‍ ഇട്ടു .ഇനി അനാഥ ശവമായി അവിടെ എവിടെയെങ്കിലും കിടന്നു  മരിക്കേണ്ട , ആരെങ്കിലും പോക്കറ്റില്‍ അഡ്രസ്സ് കണ്ടു ആംബുലന്‍സ് വീട്ടിലേക്കു അയച്ചുകൊള്ളും എന്ന് സമാധാനിച്ചു  മുന്നോട്ടു നടന്നു .കവലയ്ക്ക് അടത്തെത്തിയപ്പോള്‍ ഒരു കടയുടെ ഷട്ടര്‍ പകുതി തുറന്നു വച്ചിരിക്കുന്നത് കണ്ടു . ഒന്നും നോക്കാതെ അതിലേക്കു ചാടി കയറി .എന്‍റെ പെട്ടന്നുള്ള വരവ് കണ്ടു ഞാന്‍ ഏതോ ഹര്‍ത്താല്‍ അനുഭാവി ആണെന്ന് ആ പാവം ചേട്ടന്‍ വിചാരിച്ചു പൊയ് .
“മെഡിക്കല്‍ ഷോപ്പ് ആണ് അത്യാവശ്യക്കാര്‍ക്ക് മരുന്ന് കൊടുക്കാന്‍ വേണ്ടി തുറന്നതാണ്. ദയവു ചെയ്തു പ്രശ്നം ഉണ്ടാക്കരുതു ” അയാള്‍ എന്നോട് സവിനയം അഭ്യര്‍ഥിച്ചു . അവസാന പ്രതീക്ഷയും നഷ്ടപെട്ടു എന്നു മനസിലാക്കിയ ഞാന്‍ പുറത്തേക്കു ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ ആണ് മുകളില്‍ ഉള്ള ആള്‍  പരീക്ഷണം അവസാനിപ്പിച്ചു  എന്‍റെ നേരെ മുകളിലേത്ത  ഷെല്‍ഫില്‍  ആ സാധനത്തെ  കൊണ്ട് വച്ചതു- ‘സെറെലാക്’
“ഒരു മൂന്നു ടിന്‍ ‘സെറെലാക്’ വേണം ചേട്ടാ “.
“മൂന്നു ടിന്നോ” ?
ഗള്‍ഫിലേക്ക് പെങ്ങളുടെ  കുട്ടിക്ക് കൊടുത്തയക്കാനാണ് ...ഇന്ന് വൈകീട്ടത്തെ  ഫ്ലൈറ്റില്‍ പോകാനുള്ളതാണ് .-ഒരു ഉത്തരവാദിത്തം ഉള്ള  ആങ്ങളയുടെ മുഖഭാവം  വരുത്താന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു  . .
അങ്ങനെ ചെറുപ്പത്തില്‍ കുടിക്കാന്‍ കഴിയാത്ത  ‘സെറെലാക്’  അന്ന് ഞാന്‍ മതിയാവോളം കഴിച്ചു .സാധനം കൊള്ളാട്ടോ! .ഇടക്ക് അതു തിന്നു ബോറടിക്കുമ്പോള്‍ താലിസ്മിഠായി  ടച്ചിങ്ങ്സ് ആയി  തട്ടും!സംഗതി ബഹു കേമം ! ഏതായാലും , ഈയൊരു സംഭവത്തിന്‌ ശേഷം ഹര്‍ത്താല്‍ മുന്‍കൂട്ടി അറിയാന്‍ വൈകീട്ടുള്ള പടയണി പത്രം ഞാന്‍ സ്ഥിരമായി വായിക്കാന്‍ തുടങ്ങി.

image courtesy www.googleimages.com