Monday, August 25, 2014

അഭിമാനം !! അതല്ലേ എല്ലാം !!







ഹോട്ടലുകാരന്‍   ബീരാനെ കുറിച്ച് ഞാന്‍ ഇതിന്നു മുന്നേ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ .പക്ഷെ ബീരാന്‍ ഹോട്ടല്കാരനായതു ഒരു വാശി പുറത്താണ് . ആ കഥയാവാം ഇന്ന്.

പണ്ട് ബീരാന്‍റെ കുടുംബം  ദാരിദ്ര വകുപ്പിന്‍റെ കീഴിലായിരുന്നു.സ്ഥിതി ഇപ്പോളത്തെ കെഎസ്ആര്‍ടിസിയെക്കാളും കഷ്ടമാണ് . അതിന്‍റെ മെലധ്യക്ഷനായി ബീരാനും . ഒരു ജോലി ബീരാന്‍ വല്ലാതെ ആശിച്ചു .അതും  അന്വേഷിച്ചു നടക്കാത്ത ഒരു സ്ഥലവും ഇനി ഒരു ഇരുപതന്ജു കിലോമീറ്റര്‍ ചുറ്റളവില്‍  ബാക്കിയില്ല  .കുറ്റം പറയരുതല്ലോ..... .ആകെയുള്ളത് വളരെ കുറച്ചു വിദ്യാഭ്യാസവും പിന്നെ ഒരു പുര നിറയെ മനുഷ്യന്മാരും .ഇവരെയെല്ലാം തീറ്റി പോറ്റാന്‍ ബീരാന് ജോലി കൂടിയേ തീരുമായിരുന്നു . നന്നേ കഷ്ടപ്പെട്ട ബീരാന്‍ അവസാനം എന്ത് ജോലിയും ചെയ്യും എന്നുള്ള അവസ്ഥയിലെത്തി.അങ്ങനെയിരിക്കെ  സൈദാലവിയുടെ വീട്ടില്‍ ജോലിക്കാരന്‍ ആയി ആളെ ഉണ്ടെന്നു കേട്ടു അവിടേക്ക് പാഞ്ഞു .
ആ കാലത്തവിടെ ഒരൊറ്റ മോതലാളിയെ ഉണ്ടായിരുന്നുള്ളു ...അതാണ് സൈദലവി!!

“പണിക്കെല്ലാം നിക്കുനത് കൊള്ളാം .പക്കേങ്കില് എന്തെങ്കിലും ഹറാം പെറപ്പ് കാണിച്ചാല്‍ അള്ളാ ആണേ അന്‍റെ മയ്യത്ത് ഞമ്മളടക്കും “
സൈദലവി നയം ആദ്യമേ വ്യക്തമാക്കി .

“ആയിക്കോട്ടേ മൊതലാളി”. ആവശ്യക്കാരന്‍റെ ഔചിത്യമില്ലായ്മ ബീരാനവിടെ പ്രകടിപ്പിക്കെണ്ടാതായി വന്നു .

“എന്നാല് വടക്കെപൊറത്തു തേങ്ങ കൂട്ടീട്ടിട്ടുണ്ട് .അതൊന്നു എണ്ണീട്.പേട് ഉള്ളതിനെ വേറെന്നെ മാറ്റിട്ടോ”.സൈദലവി മൊതലാളി കടിഞ്ഞൂല്‍ പണി കൊടുത്തു 
.
തേങ്ങ എന്ന് കേട്ടപ്പോള്‍ ബീരാന്‍ വിചാരിച്ചത് ഒരു പത്തു ഇരുപതെണ്ണം ! ഏറി വന്നാല്‍ അമ്പതു ! പക്ഷെ പൊയ് നോക്കുമ്പോള്‍ വയനാട് ചുരത്തിന്‍റെ മോളില്‍ നിന്ന് നോക്കുമ്പോള്‍ പശ്ചിമ ഘട്ടം കിടക്കുന്നതു പോലെ അങ്ങനെ നീണ്ടു കിടക്കുകയാ തേങ്ങ !!

“ഈ ദുനിയാവിലെ സകല തേങ്ങയും പഹയന്‍ ഇവിടെ ഇട്ടിട്ടുണ്ടല്ലോ” ബീരാന്‍ മനസ്സില്‍ പറഞ്ഞു .

”ഇതു എണ്ണാന്‍ അറിയെങ്കില് ഞാന്‍ പണ്ടേ അരയാക്കൂല്‍ സ്കൂളിലെ കണക്കു മാഷായി ചെരുവായിരുന്നു”!

ബീരാന് ദേഷ്യം താനേ വന്നു .പക്ഷെ വീട്ടിലെ സോമാലിയ ഓര്‍ത്തു ഒന്നും മിണ്ടിയില്ല .

കുറേ കഴിഞ്ഞു സൈദലവി കൂപ്പില്‍ പൊയ് വന്നു നേരെ പുതിയ ജോലിക്കാരന്‍റെ വൈഭവം മനസ്സില്ലാക്കാന്‍ പതുക്കെ വടക്കേ പുറത്തു ചെന്ന് .നോക്കുമ്പോള്‍ ബീരാന്‍ കുറച്ചു തേങ്ങ മാറ്റിയിട്ടിട്ട് ബാക്കി തേങ്ങയുടെ മോളില്‍ കേറി ഇരിക്കുന്നു. ചുണ്ടില്‍ ഒരു ബീഡി എരിയുന്നും ഉണ്ട് .സൈദലവി കണ്ട പാടെ ബീഡി എറിഞ്ഞു കളഞ്ഞു തേങ്ങ കൂട്ടത്തിന്‍റെ  മോളില്‍  നിന്നും ബീരാന്‍  ഊര്‍ന്നിറങ്ങി 
.
മൊതലാളി ഐമ്പതു* തേങ്ങ കഷ്ടപ്പെട്ട്  കൂട്ടിയിട്ടിട്ടുണ്ട്...പിന്നെ ഒരു പത്തെണ്ണം പേടായിട്ടും മാറ്റിയിട്ടിട്ടുണ്ട്.അതോടെ  എണ്ണം തീര്‍ന്നു തേങ്ങ ഇനിയും ബാക്കിയാ...

അപ്പം ബാക്കി തേങ്ങയോ”? സൈദലവിക്ക് സംശയം .

“ഞമ്മക്ക് അത്രേം ബരെയേ എണ്ണം അറിയൂ” .ബീരാന്‍ തുറന്നടിച്ചു
സൈദലവി ബീരാനെ ചേര്‍ത്തങ്ങു പിടിച്ചിട്ടു പറഞ്ഞു.

“അന്ന നമ്മകിഷ്ട്ടായി ! അന്‍റെ പണിയും പെരുത്തിഷ്ട്ടായി ! നാളെ തൊട്ടു പണിക്കിങ്ങു വന്നെക്കണ്ട ഹിമാറെ...! എണ്ണം പഠിക്കാണ്ട് തേങ്ങ എണ്ണാന്‍ വന്നിരിക്കണ്.... ഒരു നൂറു വരെ എണ്ണം പഠിച്ചിട്ടു ഈ പ്രദേശത്തിനി വന്നാ മതി (മൂപ്പരുടെ ഏറ്റവും വലിയ അക്കം അതാണ്‌!).കടന്നു പൊയ്ക്കോ .....”

ഇതും പറഞ്ഞു സൈദലവി അഞ്ഞൂറാന്‍ സ്റ്റൈലില്‍ ബീരാനെ ഒരു തള്ള്..
ആകെ നാറിയ ബീരാന് വാശിയായി .ഇവന്‍റെ ഔദാര്യം ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ  . നേരെ പോയി ചന്ദ്രോത്തെ നാരായണന്‍ മാഷിന്‍റെ അടുത്ത് .പോയപ്പാടെ ബീരാന്‍ കാര്യം ബോധിപ്പിച്ചു

“ചത്താലും വേണ്ടില്ല . എനിക്ക് കണക്ക് പഠിക്കണം”.

അങ്ങനെ ബീരാന്‍ വൈകുന്നേരങ്ങളില്‍ നാരായണന്‍ മാഷിന്‍റെ ശിഷ്യനായി .രാവിലെ തൊട്ടു വൈകുന്നേരം വരെ പത്മ ടാകീസിനു മുന്നില്‍ ചായയും പരിപ്പ് വടയും വിറ്റു കുടുംബം പോറ്റി .അങ്ങനെ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ ബീരാന്‍ കണക്കില്‍ അത്യാവശ്യം ഉഷാറായി .50 വരെ എണ്ണിയ ബീരാന്‍ ഇപ്പോള്‍ ആയിരം ഒന്നും ഒരു സംഖ്യ അല്ലാതായി .

ഒരു ദിവസം രാവിലെ വാതില്‍ തുറന്ന സൈദലവിയുടെ കെട്ടിയോള്‍ പേടിച്ചു അലറി ക്കൊണ്ട് സൈദലവിയുടെ അടുക്കലേക്കു ഓടി .

“കോലായില്‍ ആരോ എന്തൊ കൂടോത്രം എഴുതി പിടിപ്പിചേക്കണ്.ഇങ്ങള് ഒന്ന് ഓടി വരീന്നു”

കട്ടിലില്‍ നിന്ന് ചാടി ഇറങ്ങി സൈദലവി വന്നു നോക്കുമ്പോള്‍ കോലായില്‍ സംഖ്യകള്‍ നിരന്നങ്ങു കിടക്കുകയാ ..... ഒന്ന് മുതല്‍ ആയിരം വരെ .സൈദലവി പക്ഷെ നൂറിന്‍റെ അപ്പുറം നോക്കിയില്ല .നോക്കിയിട്ട് കാര്യം ഇല്ലായിരുന്നു .മൂപ്പര്‍ക്ക് അത്രയല്ലേ അറിയുള്ളൂ !

“ആരോ നൂറിന്‍റെ കൂടോത്രം ചെയ്തതാ” സൈദലവി കേട്ടിയോളോടും കുടുംബക്കരോടും പറഞ്ഞു 
.
ബീരാന്‍ പതുകെ ഒരു തട്ട് കട തുടങ്ങി .അതു പതുക്കെ ചായക്കടയാക്കി .പിന്നെയും കാലം കഴിഞ്ഞപ്പോള്‍ അത് ‘ഹോട്ടല്‍ ബീരാന്‍’ ആയി ..അങ്ങനെ പന്നിയന്നൂരിലെ ഒരു ചെറിയ  അംബാനിയായി ബീരാന്‍ ! സൈദലവി പാട്ടത്തിനെടുത്ത തെങ്ങെല്ലാം വാശി പുറത്തു ബീരാന്‍ ഏറ്റെടുത്തു . പെണ് മക്കളെ എല്ലാം  നല്ലോണം വളര്‍ത്തി  നല്ല നിലയില്‍ കെട്ടിച്ചയച്ചു .ഇളയ മോന്‍ കാദറെ എസ്എസ്എല്‍സി പാസ്സാക്കി  ഗള്‍ഫില്ലേക്ക് അയച്ചു .അങ്ങനെ ബീരാന്‍ ഗള്‍ഫ്കാരന്‍റെ ഉപ്പയായി .

അങ്ങനെ ബീരാന്‍റെ സുവര്‍ണ കാലഘട്ടത്തിന്‍റെ സമയത്താണ്  കാക്കപേന്‍ കുമാരന്‍ രംഗ പ്രവേശം ചെയ്തത് .പതുക്കെ  ഹോട്ടലിലെ സപ്ലയര്‍ ആയി കയറി കൂടിയ കാക്ക പേന്‍ ഏലിയാസ് കുമാരന്‍  പതുക്കെ അടുക്കളയിലേക്കു കയറി ദേഹണ്ണക്കാരനായി.അവിടുന്ന് തലശ്ശേരി ബിരിയാണിയില്‍ സ്പെഷലിസ്റ്റ് ആയി  .അങ്ങനെ ബീരാന്റെ പ്രിയം പിടിച്ചു പറ്റിയ കുമാരനെ വിശ്വസിച്ചു ഹോട്ടല്  മാസം 200 കയ്ക്ക് നോക്കി നടത്താന്‍  കാക്ക പേനിനെ ഏല്‍പ്പിക്കാന്‍ വരെ എത്തി കാര്യങ്ങളുടെ പോക്ക് . 

അന്ന് വൈകീട്ട് പള്ളിയില്‍ വച്ച് സൈദലവിയെ കണ്ടു . കുറെ കാലത്തിനു ശേഷം ഉള്ള സമാഗമം .......ബീരാന്‍ കണാത്ത ഭാവത്തില്‍ നടക്കാന്‍ ശ്രമിച്ചു .പക്ഷെ സൈദലി  വിട്ടില്ല
 .
“എന്താണ്ട ബീരാനെ അനക്ക് ഒരു മുണ്ടാട്ടം മുട്ടി നിക്കണതു .ഹോട്ടെല് കുമാരന്‍ ഏറ്റെടുത്തെന്ന് കേട്ടു .നല്ല ബെസ്റ്റ് മനുഷ്യനാ ഓന്‍” ?

‘ഞമ്മള  ഹോട്ടല്‍ .,ഞമ്മക്ക് ഇഷ്ടോള ആള്‍ക്ക് ഞമ്മള് കൊടുക്കും .അയിനു അനക്കെന്തടോ.”നൂറു വരെ എണ്ണം തെകച്ചറിയാത്ത നജ് എന്തിനാ ഇലൊക്കെ ഇടപെടണ്ണ്‍. ബീരാന്‍ ‘മൊതലാളി’വിളിയെല്ലാം പണ്ടേ  ഒഴിവാക്കിയിരുന്നു;.

 ആദ്യത്തെ ഒന്ന് രണ്ടു മാസം കൃത്യമായി വാടക ഏല്‍പിച്ച കുമാരന്‍ നഷ്ട കണക്കും പറഞ്ഞു വാടക കൃത്യമായി മുടക്കാന്‍ തുടങ്ങി.ഒരു ഒന്ന് രണ്ടു മാസം ബീരാന്‍ ക്ഷമിച്ചു .പിന്നെ ഇതൊരു ശീലമാക്കിയപ്പോള്‍ ബീരാന്‍ നിന്ന് കത്താന്‍ തുടങ്ങി   .ഇതിന്റെ പേരില്‍ ഒടക്കിയ ബീരാനും കുമാരനും വാക്കേറ്റമായി,തന്തയ്ക്കു വിളിയായി ....പ്രശ്നം അങ്ങനെ ഗുരുതരമായി . അതോടെ .പ്രശ്നം നാട്ടുകാരുടെ മധ്യസ്ഥതിയിലായി.അങ്ങനെ പഞ്ചായത്ത്‌ ഭരണ സമിതിയില്‍ പ്രശ്നം  പറഞ്ഞു തീര്‍ക്കാന്‍ തീരുമാനമായി  . നഷ്ടത്തിലായ ഈ കട ബീരാന്‍ തന്‍റെ തലയില്‍ കെട്ടി വെക്കുകയായിരുന്നെന്നു കാക്ക പേന്‍ വാദിച്ചു. അതു പോലെ കൂലിയിനത്തില്‍ തനിക്കു ഒരു നയാ പൈസ തന്നിട്ടില്ല എന്നും  വച്ച് കാച്ചി. അധഃക്രിതരുണ്ടോ ... അധഃക്രിതരുണ്ടോ ...  ഒന്ന് സഹായിക്കാന്‍ എന്ന് അന്വേഷിച്ചു നടക്കുന്ന ഭരണ സമിതി പ്രശ്നം ഏറ്റെടുത്തു .പറഞ്ഞു പറഞ്ഞു കാക്കപേനിന് പൈസ അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥയിലായി കാര്യങ്ങള്‍  എന്നായപ്പോള്‍ ബീരാന്‍ പിന്നെ അവിടെ നിന്നില്ല . കാക്കപേനിനെ  മനസ്സില്‍ പ്രാകിക്കൊണ്ട് ഒരൊറ്റ നടപ്പ് .

വയലിന്‍റെ  വരമ്പില്‍ കൂടി നടന്നു പോകുമ്പോള്‍ അതാ നേരെ അപ്പുറത്ത്  നിന്ന് സൈദലി നടന്നു വരുന്നു .സൈദാലവി യെ  കണ്ടപ്പോള്‍ വാട്ടര്‍ ലൂ തോറ്റ നെപ്പോളിയന്‍ രാജാവിനെ പോലെയായി ബീരാന്‍ .പക്ഷെ തല താഴ്ത്താന്‍ ബീരാന്‍ ഒരിക്കല്ലും ഒരുക്കമല്ലായിരുന്നു .സൈദലവി യുടെ മുന്നില്‍ എത്തിയതും ബീരാന്‍ വച്ചങ്ങു കാച്ചി 

“ഹോട്ടല് ഞമ്മള് ഓന് കൊടുത്തു  .അല്ലെലോന്‍ അന്‍റെ  തേങ്ങ എണ്ണണ്ടി വരും .അതു ഞമ്മക്ക് സഹിക്കൂല" !!  

*=50

Sunday, August 17, 2014

ഈനാംപേച്ചിയും മരപട്ടിയും









വേലായുധന്‍ കള്ള് കുടി തുടങ്ങിയത് എപ്പോളാണെന്നു വേലായുധനു പോലും അറിയില്ല ..പക്ഷെ വേലായുധന്‍ കുടി നിര്‍ത്തിയതിന് ഹിമാലയത്തിലെ ഒരു കരടിക്കും  അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ് ബുഷിനുമുള്ള പങ്ക് ഈ പഞ്ചായത്തിലെ ഏതു ഈച്ച കുഞ്ഞിനോട് ചോദിച്ചാലും  പറയും .

വേലായുധന്‍ ഒറ്റ തടിയാണ് .അതു കൊണ്ടു വീട്ടുകാര്‍ക്ക് കള്ള് കുടി കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഇല്ല,പകരം നാട്ടുകാര്‍ക്കാണു പ്രശ്നം മുഴുവനും .രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകീട്ട് തിരിച്ചു വരുന്ന വേലായുധനെ കണ്ടാല്‍ പപ്പടം കാച്ചിയെടുത്ത പോലെ എന്നാണ് നാട്ടുകാര്‍ പറയുക .രാവിലെ നിങ്ങളുടെ  മുഖത്തേക്കു  നോക്കാതെ പോകുന്ന ആള്‍ വൈകീട്ട് തിരിച്ചു വരുമ്പോള്‍ നിങ്ങളെ കണ്ടെങ്കില്‍   കുറഞ്ഞ പക്ഷം തന്തയ്ക്കു വിളി എങ്കിലും പ്രതീക്ഷിക്കാം .അത്രയ്കും വ്യതസ്തതയുള്ള സ്വഭാവമാണ് .  .

കാക്ക പേന്‍ കുമാരന്‍ വേലായുധന്‍റെ അടുത്ത സുഹൃത്താണ്‌ .പേര് പോലെ തന്നെ ആള്‍ ഒരു സ്ഥലത്ത് വന്നു പെട്ടാല്‍ പിന്നെ അവിടെ നിന്നു പൊയ് കിട്ടാന്‍ വല്യ പ്രയാസമാണ്. തെക്ക് നിന്നു തലശ്ശേരി ബിരിയാണി തിന്നാനും അതുണ്ടാക്കാന്‍ പഠിക്കാനും കച്ച കെട്ടി പോന്ന വ്യക്തിയാണ് ഇദ്ദേഹം. തെക്കോട്ട് ഉള്ളവരുടെ ഭാഗ്യം! .ബിരിയാണിയുടെ പേരും പറഞ്ഞാണു ബീരാനിക്കയുടെ ഹോട്ടലില്‍ കേറി കൂടിയത് .കാലം കുറച്ചു കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ബീരാന്‍ ഹോട്ടല്‍ കുമാരന്‍ ആയി .അങ്ങനെ വീണു കിട്ടിയ നാമധേയമാണ്  ‘കാക്ക പേന്‍’ .പക്ഷെ കുമാരന്‍ കുടിച്ചാല്‍ വേലായുധന്‍റെ നേരെ വിപരീതമാണ്.സ്നേഹം , ഭക്തി ,കരുണ ,ദേശ സ്നേഹം എല്ലാം കാക്ക പേന്‍ പ്രകടമാക്കുക ലേശം ഉള്ളില്‍ ചെന്നാലാണ് . അല്ലേല്‍ അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനുമാണ്.
വൈകീട്ട് വാസുവിന്‍റെ കള്ള് ഷാപ്പില്‍ സ്ഥിരം സന്ദര്‍ശകര്‍ ആയിരുന്നു രണ്ടു പേരും .അങ്ങനെ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെ രണ്ടു പേരും ‘ഗ്ലാസ്‌ മേറ്റ്സ്’ ആവാന്‍ വല്ല്യ താമസമുണ്ടായില്ല.
ഒരു ദിവസം വേലായുധനും കുമാരനും കൂടി സുരപാനം കഴിഞ്ഞു നടന്നു വരികയായിരുന്നു.ആ കാലത്ത് കരടിയുമായി ഊരു ചുറ്റുന്ന നാടോടികള്‍ ഉണ്ടായിരുന്നു .അത്തരത്തില്‍ ഒരു സംഘം അന്ന്  വഴി വക്കില്‍ കരടിയുമായി നില്‍ക്കുനുണ്ടായിരുന്നു.അവരുടെ  കയ്യില്‍ ഉളള കരടി നെയ്‌ മാര്‍ക്കറ്റ്‌ ചെയാനുള്ള ഒരു ഉപാധിയാണ് അവര്‍ക്ക്  കരടി. .കരടി നെയ്‌ തിന്നാലും പുരട്ടിയാലും മാറാത്ത ഒരസുഘവും ഇല്ല എന്നാണ് അവരുടെ  ഭാഷ്യം .

കരടിയെ കണ്ടപ്പോള്‍ വേലായുധനു ഒരാശ ..കുറച്ചു കരടി രോമം വേണം.

“അല്ല വേലായുധ .... അതിനു ഇതു ആനയൊന്നും അല്ലല്ലോ . കരടിയുടെ രോമം വച്ചു എന്ത് ചെയ്യാന്നാ ? പാവം കരടി .” –കുമാരന്‍ ദീനാനുകംഭയോടെ പറഞ്ഞു .

“എനിക്കെന്തിനെങ്കിലും ആയിക്കോട്ടെ .നിനെക്കെന്താ .?പണ്ട് തൊട്ടേ എന്‍റെ ആഗ്രഹാ .എനിക്കിന്ന് അതു തീര്‍ക്കണം” . വേലായുധന്‍ ദ്രിഢനിശ്ചയ നായി പറഞ്ഞു .

“ശരി . നീ ഇവിടെ നിലക്ക്.ഞാന്‍ പൊയ് ചോദിക്കാം”  കുമാരന്‍ വേലായുധനെ അവിടെ കണ്ട മതിലിന്മേല്‍ ചാരി  നിര്‍ത്തി നേരെ കരടി സംഘ തലവന്‍റെ അടുത്തേക്ക് ചെന്നു 

“കൊറച്ചു കരടി രോമം തരുവോ “ കാക്ക പേനിന്‍റെ ചോദ്യം കേട്ട് കരടി നെയ്‌ വാങ്ങാന്‍ കൂടിയവരും കരടി സംഘവും പരക്കെ ചിരി തുടങ്ങി .

കരടി രോമം കാക്ക പേന്‍ വന്നാല്‍ നല്ലതാ “

കൂടി നിന്ന കൂട്ടത്തില്‍ നിന്നവന്‍ ഒന്ന് കുമാരനെ ഞോണ്ടി .കള്ളിന്‍റെ പ്രഭാവത്താല്‍ കുമാരന്‍ പക്ഷെ കൂടുതല്‍  വിനിയാന്വതനായേ ഉള്ളു 
.
“സോദരാ എനിക്കല്ല വേലായുധനാണ് .പാവം അതു കിട്ടാതെ വിഷമിച്ചു നിക്കുന്നത്‌ കണ്ടാ “അവനു വേണ്ടി ഞാന്‍ കരടി രോമമല്ല ചിമ്പാന്സിയുടെ രോമം വരെ കൊടുക്കും.കൂടുതലൊന്നും വേണ്ട ഒരു രണ്ടു കരടി രോമം.... അതു മതി ”

“അണ്ണാ .ഇങ്കെ കരടി രോമം കൊടുക്കാത് .കരടി നെയ്‌ മട്ടും കൊടുക്കും .......
കരടി നേതാവ് ഉറപ്പിച്ചു പറഞ്ഞു 
.
“നിങ്ങള്ക് യേവളു കരടി നെയ്‌ വേണമോ നമ്മ കൊടുക്കലാം സര്‍ “  സംഗതി ഏകദേശം തീരുമാനമാക്കി കൊണ്ടു നേതാവ് നയം വ്യക്തമാക്കി
 ..
നിരാശനായി കുമാരന്‍ വേലായുധനെ ചാരി വച്ച മതിലിന്‍റെ അടുത്തെത്തി പറഞ്ഞു
 .
“ഓര് തരുന്നില്ലെടാ!  കരടി നെയ്‌ വേണേല്‍ ഒരു കുപ്പി തെരാമെന്നു പറഞ്ഞു”  

മണിചിത്രതാഴിലെ നാഗവല്ലിയെ പോലെ  വേലായുധന്‍ സട കുടഞ്ഞു എഴുന്നേറ്റു .

“നമമള  നാട്ടില് വന്നു നമ്മള്  പറയുന്ന കേള്‍ക്കാത്ത ഇവന്മാരിവിടെ നിന്നും കരടിയുമായി പോകുന്നത് എനക്കൊന്നു കാണണം”. വേലായുധന്‍ ഞൊടിയിട കൊണ്ടു പാമ്പായി ചീറ്റാന്‍ തുടങ്ങി .ആടി ഉലയുന്ന ടൈറ്റാനിക്ക് കപ്പല് പോലെ അദ്ദേഹം  കരടി സംഘത്തെ സമീപിച്ചു .
അവിടെ എത്തി നോക്കുമ്പോളാണ്‌ വേലായുധനു കാര്യം വ്യക്തമായത് . നോക്കുമ്പോള്‍ കരടി സംഘം ഒരു ഒന്ന് ഒന്നര സംഘമാണ് .അതിലുള്ള പെണ്ണുങ്ങള്‍ പോലും കയ്യില്‍ നല്ല തഴബുള്ള കൂട്ടത്തിലാണ് .എല്ലാരും ആറടിയിലേറെ പൊക്കമുള്ള ലക്ഷണമൊത്ത മനുജന്മാര്‍ .നേരിട്ടൊരു ഏറ്റുമുട്ടല്‍ തനിക്ക് ഒരു തരത്തിലും ഭൂഷണമല്ല .വേലായുധന്‍റെ കണ്ണ് തനിക്ക് ചേര്‍ന്ന ഒരു ഇരയ്ക്ക് വേണ്ടി തിരഞ്ഞു .ആ നോട്ടം അവസാനിച്ചത്‌  അവിടെ ഒരു തെങ്ങില്‍ കെട്ടിയിട്ട കരടിയിലാണ് .പഹയന്‍  അവിടെ ഒരു പ്രശ്നത്തിലും ഇടപെടാതെ മയങ്ങുകയായിരുന്നു. .അല്ലേലും നാട്ടില്‍ ഒരു കരടി എന്തു ചെയ്യാന്നാണ്?തൊട്ടടുത്ത്‌ കരടി നെയ്‌ എന്ന് വിശേഷിപ്പിക്കുന്ന സാധനം തിളപ്പിച്ചു കൊണ്ടിരിക്കുന്ന അടുപ്പിന്‍റെ ചൂടും ഏറ്റ് മൂപ്പരങ്ങനെ കിടയ്ക്കുകയാണ് .

വേലായുധന്‍ പതുക്കെ കരടിയുടെ അടുത്ത് ചെന്നു .തൊട്ടടുത്ത അടുപ്പില്‍ നിന്നും ഒരു  കത്തുന്ന വിറകു കൊള്ളിയെടുത്ത് കരടിയുടെ പ്രിഷ്ടത്തില്‍ ഒരു വെയ്പ്പ് . ഞെട്ടിപോയ കരടി ചാടിയെണീറ്റു അലറി .അതു വരെ അനുഭവിച്ച വേദനയെല്ലാം അതിന്‍റെ മനസ്സില്‍ ഒരുമിച്ചു വന്നത് പോലെ തോന്നി .നിന്ന നില്‍പ്പില്‍ തന്നെ അതു കെട്ടിയിട്ട കയര്‍ വലിച്ചു പൊട്ടിച്ചു കെട്ട്‌ പൊട്ടുന്നത് കണ്ട് നാട്ടുകാര്‍ പരക്കെ ഓട്ടമായി .കരടി സംഘം കരടിയെ തിരിച്ചു പിടിക്കാനുള്ള ശ്രമവും തത്സമയം  ആരംഭിച്ചു .നമ്മുടെ വേലായുധന്‍ കരടിയുടെ അലര്‍ച്ച കേട്ടപ്പോള്‍ തന്നെ തിളയ്ക്കുന്ന കരടി നെയ്‌ പാത്രത്തില്‍ വീണു പോയിരുന്നു .മേലാകെ പൊള്ളിയ വേലായുധന്‍ എങ്ങനയോക്കെയോ ഉരുണ്ടു പാത്രത്തിന്‍റെ പുറത്തെത്തി ബോധം`കേട്ട് കിടപ്പായി .ഇതൊന്നും കരടിയെ ശ്രദ്ധിക്കുന്നതിനിടയില്‍  ആരും നോക്കിയില്ല .എല്ലാവരും കരടി സംഘത്തിന്‍റെ പിറകെയാണ് .കരടി സംഘമോ കരടിയുടെ പിറകെയും .ആകെ രോഷാകുലനായ കരടി നേരെ ഓടിയത് കവലയിലേ ക്കാണ് .
കവലയില്‍ തലേന്ന് ബുഷിനെ തൂക്കിലേറ്റിയിരുന്നു.!!

ഫ്ലാഷ്ബാക്ക്:- ഗള്‍ഫ്‌ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം .പ്രശ്നത്തില്‍ ഇടപെട്ട അമേരിക്കയെ സ്വതേ ഇഷ്ടമല്ലാത്ത ചില ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെറുക്കാന്‍ കാരണം ഒന്ന് കൂടെയായ് .അവരത് തുറന്നു പ്രകടിപ്പിക്കുക്കയും  .താഴെ തട്ട് മുതല്‍ ബുഷ്‌ ഭരണകൂടത്തെ വേട്ടയാടാന്‍ ആരംഭം കുറിക്കുകയും ചെയ്തു .പരസ്യമായ ചുമരെഴുത്തുകള്‍ ,ലഘു ലേഘ വിതരണം ,പൊതു സമ്മേളനങ്ങള്‍ ,കോലം കത്തിക്കുക തുടങ്ങിയ സമര മാര്‍ഗങ്ങളുമായി അവര്‍ അമേരിക്കയുടെ ഉറക്കം കെടുത്തി .മുകളില്‍ പറഞ്ഞ പ്രതിഷേധ പ്രഘടനങ്ങളില്‍ അവസാനം പറഞ്ഞ ഒന്നിന്‍റെ ഒരു വകഭേധമാണ് തലേന്ന് കവലയില്‍ നടന്നത് .ബുഷിനെ അന്നവിടെ കോലത്തില്‍ തൂക്കി കൊന്നു !

ദേഷ്യം വന്ന കരടി തന്‍റെ അരിശം മൊത്തം തീര്‍ത്തത് ആ തൂങ്ങിയ ബുഷിന്‍റെ അടുത്തായിരുന്നൂ .അതിനെ കടിച്ചു കീറിയ കരടി രോഷം അടങ്ങാതെ തൊട്ടടുത്ത പൊന്ത കാട്ടില്‍ കയറി .കരടി സംഘം കരടിയെ കുരുക്കെറിഞ്ഞു പിടിക്കാന്‍ ശ്രമം നടത്തി കൊണ്ടേ ഇരുന്നെങ്കിലും ഒന്നും വിജയിച്ചില്ല .ആ സമയം കാക്ക പേന്‍ കുമാരന്‍ ഒരു കഷ്ണം റൊട്ടിയുമായി രംഗപ്രവേശം ചെയ്തു .വീട്ടിലെ ചാവാലി പട്ടിക്കു റൊട്ടി കൊടുക്കുന്നത് പോലെ കാക്ക പേന്‍ ‘ബാ , ബാ ,ബാ മോനെ ‘ എന്ന് വിളിച്ചു പൊന്ത കാടിനു നേരെ ചെന്നു .ഇതു കണ്ട കരടി  ചാടി കാക്ക പേനിന്‍റെ മുഖത്തൊരു മാന്തല്‍ .പിന്നെ കുമാരനുമായി ഒരു മല്പിടുത്തമായിരുന്നു..രണ്ടു പേരും കൂടി കെട്ടി പിടിച്ചു ഉരുണ്ടു പോകുന്നതിനിടെ കരടി സംഘം കരടിയെ കുരുക്കെറിഞ്ഞു വീഴ്ത്തി.അതോടെ ആ ഭീകരാന്തരീക്ഷം അവിടെ അവസാനിച്ചു.

എല്ലാം കഴിഞ്ഞപ്പോള്‍ കരടി മാന്തിയ  കാക്ക പേന്‍ കുമാരനെയും കരടിനെയ്യില്‍ വീണ വേലായുധനേയും കൊണ്ടു സുരേഷേട്ടന്‍റെ ടാക്സി ലൈറ്റും കത്തിച്ചു കൊണ്ടു തലശ്ശേരി താലുക്ക് ആശുപത്രിയിലേക്ക് കുതിച്ചു .ബുഷിന്‍റെ കോലം കടിച്ചു കീറിയത് സ്ഥലത്തെ പ്രധാന നേതാക്കന്മാര്‍ക്കത്ര പിടിച്ചില്ല .ബുഷ്‌ എന്നുള്ളത് ഒരു ബുര്‍ഷ ആണെന്നും അതിനെ കടിച്ചു കീറിയത് വഴി അമേരിക്കന്‍ കുത്തുകയാണ് കടിച്ചു കീറിയതെന്നു ഒരു വിഭാഗം വാദിച്ചു .പക്ഷെ അതു ചെയ്തതു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ആണെന്നുള്ളത്‌ കൊണ്ടും ചെയ്തവര്‍ പാര്‍ട്ടിയില്‍ ഉള്ളവരലാത്തത് കൊണ്ടും നടപടി ഉണ്ടാകണമെന്ന് പ്രബല വിഭാഗം തീരുമാനിച്ചു .അതില്‍ പിന്നെ ചര്‍ച്ച ഉണ്ടായില്ല .
ഒരാഴ്ച കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ വേലായുധനും കുമാരനും നേരെ ബുഷിന്‍റെ അടുത്തേക്ക് ആനയിക്കപ്പെട്ടു .നിലത്തു വീണ ബുഷിനെ വീണ്ടും പഴയ പടി തൂക്കി കൊന്നാലെ  ഇനി പച്ച വെള്ളം ഈ നാട്ടില്‍ നിന്നും  ലഭിക്കൂ എന്നുള്ള ഉറച്ച തീരുമാനം തദ്ധേശ നേതാക്കള്‍ ഇരുവരെയും അറിയിച്ചു .

കോലം ഒരു വിധത്തില്‍ റെഡിയായ് കെട്ടി തൂക്കുമ്പോള്‍ വേലായുധന്‍ കുമാരനോടു ചോദിച്ചു .
“ആരാ കുമാരാ  ഈ ബുഷ്‌” ?
“എതോ പാണ്ട് പിടിച്ച മോതലാളിയാ അളിയാ ! ഇയാളെ തൊട്ടാല്‍ പച്ച വെള്ളം നാട്ടില്‍ കിട്ടൂല്ല” ! കുമാരന്‍ ഒരു സംശയവും ഉണ്ടായില്ല .
എതായാലും പിന്നെ വേലായുധന്‍  കുടിച്ചിട്ടില്ല ! അതു കരടിയെ പേടിച്ചിട്ടാണോ അതോ ബുഷിനെ പേടിച്ചിട്ടാണോ എന്ന് കുമാരന്‌ പോലും അറിയില്ല .കാക്ക പേന്‍ കുമാരന്‍ സംഭവത്തിന്‌ ശേഷവും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കിയില്ല. കള്ള് കുടിയും പരോപകാരവും അല്‍പ നാള്‍ക്കു ശേഷം വീണ്ടും തുടങ്ങി .അങ്ങനെ കാലം കുറേ കഴിഞ്ഞപ്പോള്‍ വാസുവിന്‍റെ കള്ള് ഷാപ്പ്‌ കാക്ക പേന്‍ കുമാരന്‍റെ പേരിലായി എന്നുള്ളതും ചരിത്രം .

 .


Monday, August 11, 2014

ചെപ്രാകൊളി തറവാട്ടിലെ രാമുണ്ണി മാസ്റ്റര്‍






ഈ കഥ നടന്ന സമയം ഞാന്‍ ജനിക്കണോ അതോ വേണ്ടയോ എന്ന തീരുമാനം പോലും എടുത്തിരുന്നില്ല.എന്നാല്‍ ഇപ്പോളും ഈ കഥ  എവര്‍ ഗ്രീനായി നാട്ടില്‍  നിറഞ്ഞു നില്പ്പുണ്ട്. കാലത്തിനതീതമായി...........

ചെപ്രാകൊളി തറവാട് തറവാടുണ്ടായ കാലം തൊട്ടേ പ്രസിദ്ധമായിരുന്നു. ഓരോ കാലത്തും ഓരോരുത്തര്‍ മാസ്റ്റര്‍ ബ്ലാസ്റ്റ്ര്‍രമാരായി തറവാടില്‍ നിറഞ്ഞു നിന്നിരുന്നു .’വ്യത്യസ്തര്‍’ ആയിരുന്നു  അവിടുത്തെ സുപ്പര്‍ സ്റ്റാറുകള്‍.


ഇപ്പോഴത്തെ തലമുറയുടെ രണ്ടു  തലമുറ മുന്നെ ചെപ്രാകൊളി തറവാട്ടിലെ താരമായിരുന്നു പണ്ഡിറ്റ്‌ രാമുണ്ണി മാസ്റ്റര്‍.ആളൊരു സംസ്കൃത പണ്ഡിതന്‍ ആയിരുന്നു . എടുത്താല്‍ പൊന്താത്ത ഭാരം തലയില്‍ കേറിയത് കൊണ്ടാരിക്കണം തല കുറച്ചു ട്രാക്ക് തെറ്റിയാണ് ഓടി കൊണ്ടിരുന്നത് ! 

.ആയിയടയ്ക്കാണ്‌ നാട്ടിലെ സ്കൂളില്‍  ഇംഗ്ലീഷ് മാഷായി ചന്ദ്രന്‍ മാസ്റ്റര്‍ ചാര്‍ജ് എടുക്കുന്നത് .അതു നമ്മുടെ നാട്ടില്‍  ഒരു പുതിയ  സംഭവം ആയിരുന്നു  . ഇംഗ്ലീഷ് ഭാഷ കുലീന ഭാഷയാണെന്ന് തോന്നിയവരെല്ലാം ഇംഗ്ലീഷ് മാഷിന്‍റെ പുറകേ കൂടി . തന്‍റെ കൂടെ കൂടിയവരെല്ലാം ചന്ദ്രന്‍  മാഷ് നുറുങ്ങ് ഇംഗ്ലീഷുകള്‍ പഠിപ്പിച്ചുകൊടുക്കും. അങ്ങനെ  ചുരുങ്ങിയകാലം കൊണ്ടു മാഷ് സര്‍വ്വ സമ്മതനായി മാറി . ഇതു നമ്മുടെ രാമുണ്ണി മാഷിന് അപകര്‍ഷത ബോധം കുറച്ചൊന്നുമല്ല ഉണ്ടാക്കിയത്, പോരാത്തതിനു ചന്ദ്രന്‍ മാഷ് രാമുണ്ണി മാഷിന്‍റെ പഴയ ശിഷ്യനുമായിരുന്നു . ഞാന്‍ പഠിപ്പിച്ച ഒരു പീറ പയ്യന്‍ തന്‍റെ മുന്നില്‍ ആളാവുമ്പോള്‍ ഉളള ഒരിതുണ്ടല്ലോ ! അതു തന്നെ പ്രശ്നം . അതു ഒരു ശീത സമരത്തിന്‍റെ ദിശയിലേക്കു രണ്ടു പേരെയും എത്തിച്ചു .

എല്ലാ കാര്യത്തിനും അവര്‍ തമ്മില്‍ മത്സരമായി .രണ്ടും ഒരു പോലെ ശ്രേഷ്ഠ ഭാഷ ആണെങ്കിലും രാമുണ്ണി മാഷിന്‍റെ സ്ഥിരതയിലായ്മ മിക്കപ്പോഴും പ്രശ്നമാവുകയാണ് പതിവ് .

അങ്ങനെ ഇംഗ്ലീഷ് മാഷ് വന്നു കൃത്യം മൂന്ന് മാസം ആയപ്പോള്‍ പരീക്ഷ വന്നു .കുട്ടികള്‍ പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ ആശാന്‍ മാരുടെ പരീക്ഷ തുടങ്ങി .കൃത്യം ഒരാഴ്ച്ചയ്കകം പരീക്ഷ പേപ്പറുകള്‍ നോക്കി കൊടുക്കണമെന്ന് പ്രധാനാധ്യാപകന്‍ ശ്രീ അടിയോടി മാഷ് ഉത്തരവിട്ടു .കര്‍ക്കശകാരനായ മാഷിന്‍റെ ഉത്തരവ് പാലിക്കാനായി മാഷ്മാര്‍ നെട്ടോട്ടമോടി.അതു ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇംഗ്ലീഷ് മാഷെയും സംസ്കൃതം മാഷിനെയും ആയിരുന്നു , കാരണം  രണ്ടു വിഷയങ്ങള്‍ക്കും ഓരോ അധ്യാപകരെ ഉണ്ടായിരുന്നുള്ളൂ! ചന്ദ്രന്‍  മാഷ് തകൃതിയായി പേപ്പറുകള്‍ നോക്കാന്‍ തുടങ്ങി .വീട്ടിലെ തെങ്ങും കമുങ്ങും വളത്തിനായി വിശന്നു നില്‍ക്കുന്നതിനാലും സ്വതവേ ഉളള മടിയും രാമുണ്ണി മാഷിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു .

.അങ്ങനെ ഞായറാഴ്ചയായ് ,നാളെയാണ് പേപ്പറുകള്‍ കൊടുക്കാനുള്ള അവസാന തീയതി . .രാമുണ്ണി മാഷ് ഈ സംഭവമേ മറന്നു പൊയ് .അന്ന് വൈകീട്ട് കുമാരന്‍റെ ചായ കടയില്‍ നിന്നു അവില്‍ ഉപ്പ്മാവ്‌ കഴിച്ചു കൊണ്ടു നിക്കുംമ്പോളാണ് ചന്ദ്രന്‍ മാഷ് അവിടെ നിന്നും പേപ്പര്‍ നോക്കി കൊണ്ടിരിക്കുന്നത് കണ്ടത് .
“ രാമുണ്ണി  മാഷെ , Horrible I cant bear it !ഇങ്ങള് പേപ്പര്‍ നോക്കി കഴിഞ്ഞാ ?എനക്കിനിയും ഒരു പത്തെണ്ണം കൂടി ഉണ്ട്. വീട്ടിലാണെങ്ങില്‍ ഒരു പണിയും നടക്കൂല്ല! അതു കൊണ്ടു ഞാന്‍ ഇവിടെ വച്ചു നോക്കാമെന്ന് വച്ചു .പോരാത്തേന് കുമാരന്‍റെ ചായയും കുടിക്കാലോ . അല്ലെ കുമാരാ ?” 

കുമാരന്‍റെ സമ്മതം ഉറപ്പിക്കാന്‍ മാഷ് കുമാരനോടായ് ചോദിച്ചു .
തന്‍റെ മോന്‍ ആ സ്കൂളില്‍ ആയതിനാല്‍ കുമാരന്‍റെ മറുപടി സ്വാഭാവികമായും ഇങ്ങനെ ആയി. .

“ഇങ്ങളെത്ര നേരം വേണേലും ഇരുന്നോളി .ഒന്നൂലേലും ഒരു നല്ല കാര്യല്ലേ?”

അപ്പോളാണ് നമ്മുടെ രാമുണ്ണി മാഷിന് കത്തിയത് . താന്‍ പേപ്പര്‍ കൈ കൊണ്ടു ഇനിയും തൊട്ടിട്ടില്ല! വീട്ടില്‍ കൊണ്ടു വച്ചത് മാത്രമേ ഓര്‍മയുള്ളൂ .പിന്നെ കൃഷി തിരക്കിലും കുടുംബ പ്രശ്നങ്ങളിലും  ആയി പൊയ് . നിന്ന നിപ്പിനു വീട്ടിലേക്ക് ഒരോട്ടം . കുടുംബ നാഥന്‍ ഓടി കിതച്ചു വരുന്നത് കണ്ട് സഹധര്‍മിണി ഓടി പൊയ് വെളിക്കിരിക്കാനുള്ള വെള്ളം എടുത്തു  കിണറ്റിന്‍ കരയില്‍  വച്ചു . എന്നിട്ട് പറഞ്ഞു 

“വെള്ളം എടുത്തു വച്ചിട്ടുണ്ട് .വേഗം എടുത്തു ഓടികോളി”

“വെള്ളം നിന്‍റെ @#$%^&**())*&^^^^^$#@#$” മാഷിന്‍റെ സകല നിയന്ത്രണവും പൊയ് 
.
മാഷ് നേരെ ചെന്ന് നോക്കുമ്പോള്‍ കാണ്ഡം കാണ്ഡമായി കിടക്കുകയാണ് പേപറുകള്‍.

“എന്‍റെ ഗുരുവായൂരപ്പാ ! ഇതെങ്ങനെ തീര്‍ക്കും? കുറെയുണ്ടല്ലോ!
മാഷിന് ആകെ  വെപ്രാളമായി . നേരെ കസേരെയും വലിച്ചു മുറ്റത്തേക്കു ഒരു നടപ്പ് .

“ഇതു തീരാന്‍ പോകുന്നില്ല”. മാഷിന് പേപ്പര്‍ കുറച്ചു നോക്കിയപോളേക്കും കാര്യം കുറച്ചു കൂടി ഗൌരവമുള്ളതാണെന്ന് ബോധ്യായി!

നാളെ ചന്ദ്രന്‍ പേപ്പര്‍ കൊടുക്കുന്നതും ,തന്നെ ഹെഡ് മാഷ് ചീത്ത പറയുന്നതും  മനസ്സില്‍ കൂടെ കൂടെ  കടന്നു വരാന്‍ തുടങ്ങി .താന്‍ ചന്ദ്രന്റെ മുന്നില്‍ ചെറുതാവുന്നത്‌ ആലോചിക്കാന്‍ കൂടി പറ്റുന്നില്ല .ആ അടിയോടി മാഷിന്‍റെ ഓരോ നിയമങ്ങള്‍ ! അയാള്‍ക്ക്  എന്തും പറയാം .കഷ്ടപെടണ്ടത്  നമ്മളല്ലേ .ചീത്ത പറയാന്‍ തുടങ്ങിയാല്‍ മൂപ്പര്‍ക്ക് സ്ഥല കാല ബോധമില്ല . പിള്ളേരുടെ മുന്നില്‍ വച്ചിട്ടാണേല്‍ അവിടെ വച്ചിട്ട് തന്നെ പറഞ്ഞു കളയും !ഓര്‍ത്തിട്ടു മാഷിന് ഒരെത്തും പിടിയും കിട്ടിയില്ല .ഏതായാലും തോറ്റ് കൊടുത്ത ശീലം ചെപ്രകൊളി തറവാടിനില്ല.പക്ഷെ ഇതിനെന്താ ഒരു തീര്‍പ്പ് ?

ഓര്‍ത്തോര്ത്തിരുന്ന മാഷ് പെട്ടന്ന് കസേരയില്‍ നിന്നും ചാടിയിറങ്ങി പേപ്പറെല്ലാം എടുത്തു വീടിന്‍റെ ഓടിന്‍റെ പുറത്തേക്കു  ഒരൊറ്റ എറിയല്‍ . കുറെയെണ്ണം അവിടെ കുടുങ്ങി കിടന്നു . ശേഷിച്ച ഒരു പത്തു പതിനഞ്ചെണ്ണം താഴെ തിരിച്ചു വീണു 
.
പിറ്റേന്ന് സ്കൂളില്‍ ആദ്യം പേപ്പര്‍ കൊടുത്തത് രാമുണ്ണി മാഷായിരുന്നു . ആകെ പരീക്ഷ എഴുതിയവരില്‍ 15 പേര്‍ പാസ്സായി . ബാക്കി എല്ലാരും തോറ്റു!!

പേപ്പറിനു ചോദിച്ച ബാക്കി പിള്ളേരോട് മാഷ് ചൂടായി 
.
“നിന്‍റെ എല്ലാം പേപ്പര്‍ ഞാന്‍ എടുത്തു വച്ചിട്ടുണ്ട് .അടുത്ത പരീക്ഷയിലും ഇതു പോലെ ആണേല്‍ എന്‍റെ വിധം മാറും കേട്ടോ !ഉം ....പൊക്കോ എന്‍റെ മുന്നില്‍ നിന്നു ...”

രണ്ടു ദിവസം കഴിഞ്ഞു രാമുണ്ണി മാഷിന്‍റെ വീട്ടിലെ പൊട്ടിയ ഓടു മാറ്റാന്‍ കേറിയ രാമന് നായര്‍ക്ക് ഒരു സമ്മാനം കിട്ടി .തന്‍റെ മോന്റെ പരീക്ഷ പേപ്പര്‍ .പിന്നെ എല്ലാം  പെട്ടന്നായിരുന്നു . സസ്പെന്ഷന്‍ പേപ്പര്‍ കയ്യില്‍ കിട്ടിയത് മാത്രമേ പിന്നെ രാമുണ്ണി മാഷിന് ഓര്‍മയുള്ളൂ!

സസ്പെന്‍ഷന്‍ കഴിഞ്ഞു തിരിച്ചു വന്ന രാമുണ്ണി മാഷിനെ കാത്തു ഒരു അദ്ഭുതം കിടപ്പുണ്ടായിരുന്നു .പിള്ളേരെല്ലാം ചന്ദ്രന്‍  മാഷെ രാവിലെ ‘goodmorning sir’ എന്നും  ഉച്ചയ്ക്ക് ‘goodafternoon sir’ എന്നും വൈകിട്ട് ‘goodevening sir’ എന്നും അഭിസംഭോധന ചെയ്യാന്‍ തുടങ്ങി . രാമുണ്ണി മാഷിനു ആകെ വിഷമമായി .താന്‍ എത്ര കാലം പഠിപ്പിച്ചിട്ടും ഇങ്ങനെ ഒന്നും പിള്ളേര്‍ തന്നെ  വിളിച്ചില്ലലോ . ഇപ്പോള്‍ ഞാന്‍ പഠിപ്പിച്ച ഒരു ചെക്കന്‍ വന്നു ഓരോ  പരിഷ്കാരം കൊണ്ടു വന്നിരിക്കുന്നു ! ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല .ഞാനും ഓട്ടും മോശക്കാരനല്ല എന്ന് കാണിച്ചു കൊടുക്കാം .

അന്ന് മുതല്‍ രാമുണ്ണി മാഷ് തന്നെ പിള്ളേരെല്ലാം രാവിലെ “നല്ല സുപ്രഭാതം ഗുരോ “ എന്ന് രാവിലെയും “നല്ല മദ്ധ്യയനം ഗുരോ “ എന്ന് ഉച്ചയ്ക്കും ‘നല്ല സായാഹ്നം ഗുരോ’ എന്ന് വൈകീട്ടും സംഭോധന ചെയ്യാന്‍  ഉത്തരവിട്ടു .

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ രാമുണ്ണി മാഷ് ചായയും കുടിച്ചു  പതിവ് പോലെ  വെളിക്കിരിക്കാന്‍ പോയി. വീടിന്‍റെ മേലെ പറമ്പിലുള്ള  കശു മാവിന്‍ തോട്ടതോട് ചേര്‍ന്നുള്ള  കുറ്റികാടാണ് മാഷിന്‍റെ സ്ഥിരം കേന്ദ്രം . മാഷ് സമാധാനത്തോടെ ആ കുറ്റികാടിന്‍റെ ഇടയില്‍ ഇരിപ്പുറപ്പിച്ചു.

 കശുമാവിന്‍റെ അണ്ടി മോട്ടിക്കാന്‍ വന്ന ചായ കടക്കാരന്‍ കുമാരന്‍റെ മോന്‍ കേശവനും കാര്യം അറിയാതെ സംഭവ സ്ഥലത്തു എത്തിപ്പെട്ടു  .സ്വന്തം ഗുരു അപ്പോള്‍ അവിടെ കാര്യ സാധത്തിനെത്തും  എന്നവന്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിട്ടുണ്ടാവില്ല. കേശവന്‍ നിലത്തു വീണ അണ്ടിയൊക്കെ പെറുക്കി പെറുക്കി നടക്കുകയായിരുന്നു . കുറ്റികാട്ടില്‍ ഇനി വല്ലതും കിടപ്പുണ്ടോ എന്ന് നോക്കാനായി കാടൊന്നു മാറ്റി നോക്കിയപ്പോള്‍ അതാ സാക്ഷാല്‍ രാമുണ്ണി മാസ്റ്റര്‍ അതിനുള്ളിലിരിക്കുന്നു !കേശവന്‍ പിന്നെ ഒന്നും നോക്കിയില്ല .വച്ചു കാച്ചി .
                 “‘നല്ല സുപ്രഭാതം ഗുരോ”
                    ഒപ്പം ഓരോട്ടവും .