മണ്‍സൂണ്‍ സമയക്രമം എന്ന ഒരു പേരും പറഞ്ഞു റെയില്‍വേ ജൂലൈ മുതല്‍
സെപ്റ്റംബര്‍ വരെ ട്രെയിനിന്റെ സമയം അങ്ങ് മാറ്റും.നമ്മള്‍ സീസണ്‍കാര്‍ക്ക്
അന്നേരം മുതല്‍ കുറച്ചു സമയത്തേക്ക് ഒരു അഡ്ജസ്റ്റ്മെന്‍റ് പ്രോബ്ലം ആരംഭിക്കും
....സ്വതേ പോയി കൊണ്ടിരിക്കുന്ന ട്രെയിന്‍ അല്ലാം വേറെ സമയത്തായിരിക്കും .എതാണ്
പുതിയ ട്രെയിന്‍ ?അതിനു ജനറല്‍ ബോഗ്ഗിയുടെ എണ്ണം എത്ര?? ടിടിആര്‍ മലയാളി ആണോ ??
ഇങ്ങനെ ഒരായിരം സംശയങ്ങള്‍ നമ്മുടെ
മനസ്സില്‍ അലയടിച്ചു പൊങ്ങും ! അതിന്‍റെ പെരില്ലുള്ള ചര്‍ച്ചകളില്‍ *നാരായണന്‍ സാറും (ആള് ഒരു പ്രസിദ്ധ ദേശ സാല്കൃത ബേങ്കിന്റെ
തൊഴിലാളി ആണ് ) *സജിത്തേട്ടനും (ഒരു പ്രസിദ്ധ അധ്യാപകന്‍ ) *രൂപേഷും (ക്ഷീര
മേഘലയുമായി ബന്ധപ്പെട്ടു പ്രവൃത്തിച്ചു വരുന്നു) തുടങ്ങിയവരാണ് പാനല്‍ അംഗങ്ങള്‍ . ചര്‍ച്ചകളില്‍ ഒരന്തവും കുന്തവും പ്രത്യേകിച്ച് ഉണ്ടാവാറില്ലേലും ഏഴു മണിക്ക് ഏതു ട്രെയിന്‍ ആണോ കണ്ണൂരിൽ എത്തുന്നത് അതില്‍ ഏങ്ങനെയും നുഴഞ്ഞു കയറി അധികാരം സ്ഥാപിച്ചെടുക്കുക
എന്നുള്ളത് ഏതൊരു സീസണ്‍കാരനും പ്രതിജ്ഞാബദ്ധൻ ആണ് .
അങ്ങനെ ഒരു സമയ മാറ്റം വന്ന
കാലം ..ഏഴു മണിയുടെ പരശുരാം ഏഴരയ്ക്കായി..ഏഴു മണിക്കാവട്ടെ ബോംബെക്കാരന്‍ നേത്രാവതി..ആകെ രണ്ടു ജനറല്‍ ബോഗ്ഗി മാത്രം ഉള്ള
ദ്രോഹി !ജനറല്‍ ബോഗിയാല്‍ സമ്പന്നമായ പരശുരാമില്‍ പോയ നമ്മള്‍ ആകെ പ്ലിംഗ് ആയി .വല്ലാത്തൊരു
പണി റെയില്‍വേ നമ്മള്‍ സീസണ്കാര്‍ക്ക് അങ്ങ് തന്നു .
പക്ഷെ അത് കൊണ്ടൊന്നും
നമ്മുടെ വീര യോദ്ധാക്കള്‍ തോറ്റില്ല.ആദ്യത്തെ രണ്ടു ദിവസം ലീവ് എടുത്തു കുറച്ചു
പേര്‍ പ്രതിഷേധിച്ചു .കുറച്ചു പേര്‍ കംപ്ലേന്റ് ബുക്കില്‍ പോയി എന്തൊക്കെയോ
എഴുതി കൂട്ടി .വേറെ കുറച്ചു പേര്‍ സ്ലീപര്‍ ബോഗിയിലേക്കു നുഴഞ്ഞു കയറി .ആ ചാവേറുകളെ
പിറ്റേന്നും പ്ലാറ്റ്ഫോമിൽ ആപത്തൊന്നും പറ്റാതെ കണ്ടത് കൊണ്ട് അന്ന് തൊട്ടു നുഴഞ്ഞു
കയറ്റം വളരെ ഊർജിതമായ തോതില്‍ ആരംഭിച്ചു .അങ്ങനെ ഒരാഴ്ച കൊണ്ട് നമ്മള്‍ സീസണ്‍കാര്‍
നെത്രാവതിയെ പരശുരാം ആക്കി മാറ്റി .
പെട്ടെന്നായിരുന്നു അത് ഒരു ദിവസം സംഭവിച്ചതു
!!!
സ്ക്വാഡ് എന്ന് ഓമന പേരില്‍
അറിയപ്പെടുന്ന ടിക്കറ്റ് പരിശോധന സംഘം ട്രെയിനില്‍ കയറി കൂടി .ഇവര്‍ ടിടിആറിനെ പോലെ അല്ല ,.സാധാരണ വേഷധാരികള്‍ ആണ് ..അത് കൊണ്ട് തിരിച്ചറിയാന്‍ ഒരു മാര്‍ഗവും
ഇല്ല .പോരാത്തതിനു സംഘം ചേര്‍ന്നുള്ള ആക്രമണം നടത്തുന്ന കൊടും ഭീകരര്‍ .ലവന്മാര്
വണ്ടിയില്‍ കയറി ഒളിച്ചിരിക്കും .വണ്ടി നീങ്ങി തുടങ്ങിയാല്‍ മാത്രമേ ആക്രമിക്കാന്‍
തുടങ്ങാറുള്ളൂ.
അന്ന് കണ്ണൂരില്‍ നിന്നും
വണ്ടി വിടുമ്പോള്‍ ഒരു സാധാരണ ദിവസമായിരുന്നു .നാരായണന്‍ സാറും രൂപേഷും ഞങ്ങളുടെ
പൈതൃക സ്വത്തു എന്ന പോലെ ഏതോ രണ്ടു ബെര്‍ത്തിലേക്ക് കയറി പോയി. .ട്രെയിന്‍
തലശ്ശേരിയില്‍ നിന്നും വിട്ടതിനു ശേഷം ആണ് പരിശോധന ആരംഭിച്ചതു .പിന്നെ കണ്ടത്
സീസണ്‍ടിക്കറ്റുകാരുടെ ജീവന്‍ മരണ
പോരാട്ടമായിരുന്നു .സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് ടൈറ്റാനിക് സിനിമയാണ് ഓര്‍മ
വരുന്നത് .കപ്പല്‍ മുങ്ങാന്‍ പോവുമ്പോള്‍ എല്ലാരും കൂടി മറു വശത്തേക്ക് ഓടി കൂടുന്നു
.ഏകദേശം അത് പോലെ ഉള്ള ഒരവസ്ഥ .നമ്മുടെ ടീമും വൈകാതെ അഭയാര്‍ഥി സംഘത്തോടൊപ്പം
നീങ്ങാന്‍ തുടങ്ങി .കുറച്ചു ബോഗി മുന്നോട്ടു നീങ്ങിയപ്പോള്‍ അവിടെ അതാ ഒരു പരിശോധക
.അവരുടെ മുന്നില്‍ പെടുന്നതിനേക്കാള്‍ നല്ലത് പുരുഷ കേസരികള്‍ക്ക് കീഴടങ്ങുന്നതാണ്
എന്ന് മനസിലാക്കി നമ്മള്‍ തിരിച്ചോടാന്‍ തുടങ്ങി .
അങ്ങനെ ഓടി നമ്മള്‍ ആദ്യം നിന്ന ബോഗിയില്‍ തന്നെ
തിരിച്ചെത്തിയപ്പോളാണ് നമ്മള്‍ ആ സത്യം
മനസില്ലാക്കിയത് നാരായണന്‍ സാറിനെയും രൂപെഷിനെയും ഈ വെപ്രാളത്തിനിടയ്ക്ക് നമ്മള്‍
മറന്നിരിക്കുന്നു .അവരു കയറി പോയ ബെര്‍ത്ത് ഏതാണ് എന്ന് ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോള്‍ അതാ സർ നാരായണൻ ഒരു സൈഡ് ബെര്‍ത്തില്‍ സുഖമായി ഉറങ്ങുന്നു .തൊട്ടു താഴത്തെ ബർത്തിലെ ഒരുത്തനെ സ്ക്വാഡ്
ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ അങ്ങോട്ട് പോയി വിളിക്കാനും പറ്റുന്നില്ല .
“സാറേ ഞാന്‍ മാത്രല്ല ഇതില്‍
കയറിയത് ..ഇതില്‍ ഒട്ടു മുക്കാലും സീസണ്‍ കാരാ ..സാറിനെ കണ്ടപ്പോള്‍ എല്ലാരും മാറി
കളഞ്ഞു ..ഇപ്പോള്‍ ഞാനും ദാ ആ ബെര്‍ത്തില്‍ കെടക്കുന്ന ആളും മാത്രായി...”
കണ്ണില്‍ ചോരയില്ലാതെ അവന്‍
നമ്മുടെ നാരായണന്‍ സാറിനെ ഒറ്റി കൊടുത്തു .
ആ യൂധാസിനു അവന്‍റെ ഫൈന്‍
എഴുതി കൊടുത്തു ജുറാസ്സിക് പാര്‍ക്കിലെ ദിനോസര്‍തിരിഞ്ഞു വരുന്നത് പോലെ നാരായണന്‍ സാറിന്‍റെ ശയന ബെര്തിന്റെ നേരെ
തിരിഞ്ഞു .
ഒന്ന് തോണ്ടി
അനക്കമില്ല
രണ്ടാമതും തോണ്ടി
അനക്കമില്ല
മൂന്നാമത് കൊറച്ചു ശക്തിയായി തോണ്ടി
നാരായണന്‍ സാറ് ചാടി എണീറ്റു
പകച്ചു പോയ നാരായണന്‍
സാറിനെ നോക്കി സ്ക്വാഡ് ചോദിച്ചു .
“നല്ല സുഖം ഉണ്ടാവും അല്ലെ ബെര്‍ത്തില്‍
കയറി കിടക്കാന്‍”
“കൊഴപ്പോല്ല ...പക്ഷെ ഫാന്‍
കറങ്ങുന്നില്ല..അതിന്‍റെ ഒരു പ്രയാസം ഉണ്ട്”
ഉറക്കത്തില്‍ നിന്നും
എണീറ്റ നാരായണന്‍ സാറ് ഇന്ത്യന്‍ റെയില്‍വേ ഉപഭോഘ്ത്ര സേവന സംതൃപ്തി മനസ്സിലാക്കാനുള്ള
ഏതോ ഒരു അവധൂതനാണ് പുള്ളി എന്ന് വിചാരിച്ചു പൊയ് ....പാവം
.
"അതിപ്പം ശരിയാക്കി തരാം സാര്‍
..ടിക്കറ്റ് കാണിച്ചേ "..
അപ്പോളാണ് നാരായണന്‍ സാറിനു
കാര്യം കത്തിയത്
.
.താഴെ ഇറങ്ങി വന്ന നാരായണന്‍
സര്‍ സഗൌരവം തന്‍റെ ബാങ്കിന്‍റെ പേര് പറഞ്ഞപ്പോള്‍ സ്ക്വാഡ് ഒന്നയഞ്ഞു.
സ്ക്വാഡ്ന്‍റെ ഹോം ലോണിന്റെ
അപേക്ഷ നാരായണന്‍ സാറിന്‍റെ ബാങ്കിലാണ് . മനസ്സില്‍ ലഡ്ഡു പൊട്ടിയ നാരായണന്‍ സാറ്
സ്ക്വാഡന്‍റെ ഹോം ലോണിന്റെ അപേക്ഷ ശരിയാക്കി കൊടുക്കാം എന്ന്
ഉറപ്പ് സ്ക്വാഡനു കൊടുത്തു പതുക്കെ തടി ഊരി .
ഈ സമയത്താണ് അവരുടെ ഇടയില്‍
കൂടി ഷര്‍ട്ട് ഊരി കയ്യില്‍ പിടിച്ചു ബനിയനും പാന്‍റും ധരിച്ച ഒരുത്തന്‍ ഓടി
നമ്മുടെ ഇടയിലേക്ക് വന്നത് .വല്ല പോക്കറ്റ് അടിക്കാരനായിരിക്കും എന്ന് വിചാരിച്ചു
നോക്കുമ്പോള്‍ നമ്മുടെ ക്ഷീര വികസന നായകന്‍ രൂപേഷാണ് ആള്‍
എന്നെ മറയാക്കി പിടിച്ചു
കൊണ്ട് ഷര്‍ട്ട് ധരിക്കുന്ന അവനോടു ഞാന്‍ ചോദിച്ചു ..
“ഡാ ..ഇതെന്താ ഷര്‍ട്ട്
ഒക്കെ കയ്യില്‍ ..നിന്നെ സ്ക്വാഡന്മാര്‍ പീഡിപ്പിച്ചോ ?
“എടാ ഞാന്‍ ബെര്‍ത്തില്‍ കയറി
കെടന്നിട്ട് ബോംബയില്‍ നിന്ന് വരുന്ന ആള്‍
റിസേര്‍വ് ചെയ്തു കിടക്കുന്നതാണ് എന്ന് വിചാരിച്ചോട്ടെ എന്ന് വച്ച്
ഷര്‍ട്ട് ഊരി വച്ചതാ ....പക്ഷെ അവന്മാര് കണ്ടുപിടിച്ചു കളഞ്ഞു .
വീണ്ടും ഒരു പത്തു മിനുട്ട്
ഒളിച്ചു കളി നമ്മള്‍ തമ്മില്‍ കളിച്ചു .അപ്പോളേക്കും വണ്ടി കോഴിക്കോട് എത്തി
.ജീവന്‍ തിരിച്ചു കിട്ടിയ നമ്മള്‍ എല്ലാരും ഇറങ്ങി ഓടി .അന്ന് ഈ സംഭവം പറഞ്ഞു ആരും
ചിരിച്ചിരുന്നില്ല .എലാവരും ഭയങ്കരമായ
ടെന്‍ഷനിലായിരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് സംഭവം കോമഡി ആയി തുടങ്ങിയത് .
*ജീവനില്‍ കൊതി ഉള്ളത് കൊണ്ട് പേര് ഞാന്‍ സ്വല്‍പ്പം മാറ്റി പിടിച്ചിരിക്കുന്നു
