Tuesday, September 1, 2015

ഇന്നലെകള്‍ ഇല്ലാത്ത നാളെകള്‍



 

 ഒന്ന്
“ദൈവമേ ഈ ഇന്‍റെര്‍വ്യൂവിനെങ്കിലും സെലക്ഷന്‍  കിട്ടണേ”
കസേരയില്‍ ഇരുന്നു കൊണ്ട് അവന്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു .എന്നിട്ട് കണ്ണ് തുറന്നു ചുറ്റും നോക്കി .തന്‍റെ പ്രിയ ദൈവങ്ങളുടെ ചിത്രങ്ങള്‍ അവിടെ എവിടെയെങ്കിലും കാണാന്‍  അവന്‍റെ  മനസ്സ് ആശിച്ചിരുന്നു.പക്ഷെ അവിടെ എസി യുടെ തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കുറേ എണ്ണ ഛായ ചിത്രങ്ങൾ മാത്രമേ  ഉണ്ടായിരുന്നുള്ളൂ .ചുറ്റും ഒരു മരിച്ച വീടിന്‍റെ അവസ്ഥ .എങ്ങും ചെറു പിറുപിറുപ്പുകള്‍ മാത്രം .കുറച്ചു പേര്‍ പുസ്തകങ്ങളില്‍ നിന്നും തല ഉയര്‍ത്താതെ വായനയില്‍ മുഴുകി ഇരിപ്പാണ് .എന്താണാവോ ഇത്രയും ഇവര്‍ക്ക് പഠിക്കാന്‍ ഉള്ളത്. ചിന്തിക്കും തോറും അവനു  സമ്മര്‍ദം വല്ലാതെ അനുഭവപെടാന്‍ തുടങ്ങി .ഇനി ഞാന്‍ പഠിക്കാതെ വിട്ട ഏതെങ്കിലും ഭാഗം ഉണ്ടായിരുന്നോ ദൈവമേ !
തന്‍റെ പേര് ആരോ വിളിക്കുന്നത്‌ കേട്ട് അവന്‍ ചാടി എണീറ്റു 
“അകത്തുള്ള ആള്‍ കഴിഞ്ഞാല്‍ പിന്നെ അടുത്തത് നിങ്ങളാണ് റെഡി ആയിക്കോളൂ” വിളിച്ചയാള്‍ അതും പറഞ്ഞു അകത്തേക്ക് കയറി പോയി .
തന്‍റെ സര്‍ട്ടിഫിക്കറ്റ് സഞ്ചിയുമായി അവന്‍ പതുക്കെ ഇന്‍റെര്‍വ്യൂ നടക്കുന്ന മുറിയുടെ അടുക്കലേക്കു നീങ്ങി നിന്നൂ .
എന്തൊക്കെ ചോദ്യങ്ങളായിരിക്കും അവര്‍ തന്നോട് ചോദിക്കുക .എല്ലാത്തിനും നല്ല വ്യക്തമായ ഭാഷയില്‍  ശരിയായ മറുപടി പറയാന്‍ അനുഗ്രഹിക്കണേ ഈശ്വരാ.... ഇതിനു മുന്‍പ് കയറിയ ആളോട് ഇത്രയും സമയം എന്തിനാണ് എടുക്കുനത് ?അതോട് കൂടി ഇന്റര്‍വ്യൂ നിര്‍ത്തിയോ  ? ഒരു നൂറു കൂട്ടം സംശയങ്ങളും പ്രാര്‍ത്ഥനകളും അവന്‍റെ  മനസ്സില്‍  പുകഞ്ഞു കൊണ്ടിരിക്കുകയയിരുന്നൂ .ഓരോ നിമിഷത്തിനും ഇത്രയേറെ ദൈര്‍ഘ്യമുണ്ടാവുമോയെന്നു അവന്‍ അദ്ഭുതപെട്ടു !സമയത്തെ തളച്ചിടുന്ന ഒരു ടൈം മെഷീന്‍റെ കഥ ഏതോ ഒരു ഇംഗ്ലീഷ് സിനിമയില്‍ കണ്ടത് അവന്‍റെ  മനസ്സിലേക്ക് ഓർമ്മ വന്നു .അത്തരം ഒരു യന്ത്രത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് അവന്  തോന്നി .
ആ കാത്തിരിപ്പിനോടുവിലായി ആ വാതില്‍ അവനായി  പതുക്കെ തുറന്നു.അതോടെ ചിന്തകളുടെ കാര്‍മേഘങ്ങള്‍ അവനെ  വിട്ടു പറന്നകന്നു .മനസ്സില്‍  ഒരു  ശൂന്യത വന്നു നിറഞ്ഞു .ചിലപ്പോള്‍ ശൂന്യതയ്ക്കും ഒരു ഊര്‍ജം പകര്‍ന്നു തരാന്‍ പറ്റുമെന്ന് അവനു തോന്നി .
Sir may I come inside
ശബ്ദം ശരിയാക്കി കൊണ്ടവന്‍ വാതിലിനടുത്ത് നിന്നും ചോദിച്ചു .
come inside  come inside
ഒരറബിക് ചുവയുമായി അവന്‍ അഭിമുഖ പരീക്ഷയിലേക്ക്  സ്വാഗതം ചെയ്യപെട്ടു . 
പിന്നെ താന്‍  ഒരു യന്ത്ര മനുഷ്യന്‍ ആയതു  പോലെ അവനു തോന്നി .പ്രോഗ്രാം ചെയ്ത ആപ്ലിക്കേഷന് അനുസൃതമായി ചലിച്ചു കൊണ്ട് നീങ്ങുന്ന ' ഒരു യന്ത്ര മനുഷ്യന്‍ . മിക്കതും അറിയുന്ന ചോദ്യങ്ങളായപ്പോള്‍ മനസ്സില്‍ സന്തോഷത്തിന്‍റെ കൊള്ളിയാന്‍ മിന്നുന്നത് അവന്‍ അറിഞ്ഞു .
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവന്‍ അവിടെ നിന്നും പുറത്തിറങ്ങിയത് .പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ചിന്തകള്‍  അവനെ ശല്യപെടുത്താനായി എത്തി തുടങ്ങി .
പഠനം കഴിഞ്ഞു അഞ്ചാറ് വര്ഷം കഴിഞ്ഞെങ്കിലും ഇന്നും ജീവിതം കരയ്ക്കടുപ്പിക്കാന്‍ ആയിട്ടില്ല .അമ്മയുടെ സ്വര്‍ണം മുതല്‍ അച്ഛന്‍റെ വിരലിലെ മോതിരം വരെ പണയത്തിലാണ്‌ .വിദ്യാഭ്യാസ വായ്പ വേറെയും ..അച്ഛനൊപ്പം ബാങ്ക്  കയറി ഇറങ്ങുമ്പോള്‍ ഒരിക്കല്‍  അച്ഛന്‍ പറഞ്ഞതു അവന്‍റെ ഓര്‍മയിലേക്ക് ഇറങ്ങി വന്നു 
“എടാ  അച്ഛന്‍റെ അവസ്ഥ നിനക്കറിയാലോ ..എന്‍റെ കയ്യില്‍ ഇനി ആ വീടും പറമ്പും മാത്രമേ ഉള്ളൂ . പെങ്ങളുടെ കാര്യം കൂടി ഒരു വഴിക്ക് നടത്തണം  അതെല്ലാം ഇനി നീ നിന്‍റെ പഠിപ്പ് കഴിഞ്ഞു നടത്തണം. അച്ഛന്  ഇനി പോങ്ങില്ലെടാ” 
ജോലി കഴിഞ്ഞു നാട്ടില്‍ തന്നെ നില്‍ക്കാനായിരുന്നൂ ആഗ്രഹം ..അതിന്‍റെ ഇടയ്ക്കായിരുന്നൂ .അമ്മയുടെ അസുഖം മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന്‍  എന്ന പദം ആശുപത്രി രേഖയില്‍ നിന്നും വായിച്ചെടുത്തതായി അവന്‍ ഓര്‍ത്തു .ധര്മാശുപത്രിയില്‍ ചെന്നപ്പോള്‍ അവര്‍ റിസ്ക്‌ എടുക്കാന്‍ തയ്യാറായില്ല .പ്രൈവറ്റ് ആശുപത്രിയെ തന്നെ ആശ്രയിക്കേണ്ടതായി വന്നു .അപ്പോഴാണ് ലക്ഷങ്ങള്‍ക്ക് പോലും വിലയില്ലാത്ത കാലമാണ് ഇതെന്ന് അറിഞ്ഞതു ! അതോടെ  ആകെ ഉണ്ടായ വീടും പറമ്പും പണയത്തിലും  ആയി.ജീവിതത്തിന്‍റെ പച്ചയായ യഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നിൽ ആദര്‍ശങ്ങളെ തനിക്കു എപ്പോളോ പണയം വെക്കേണ്ടതായി വന്നു
വര്‍ഷങ്ങള്‍ക്കു മുന്‍പേ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ജന്മ നാടിനെ ഉപേക്ഷിക്കുന്നവന്‍ പണത്തോടുള്ള ആര്‍ത്തി കാരണം ആണ് കടല്‍ കടക്കുന്നത് എന്ന് താന്‍ ആരെയൊക്കെയോ പരിഹാസിച്ചിരുന്നു എന്ന കാര്യം ഒരു ചെറു ചിരിയോടെ അവൻ ഓര്‍ത്തു  ! അപ്പോളൊക്കെ താന്‍ അങ്ങനെ ആവില്ല എന്ന് ഉറച്ച വിശ്വാസം അവനു  ഉണ്ടായിരുന്നു ....

രണ്ട്

image courtesy -www.weatherwizkids.com
പുറത്തു മണല്‍ കാറ്റ്  വീശിയടിച്ചു കൊണ്ടിരിക്കുകയാണ് .ചില്ല് ജനാലയില്‍ കൂടി പുറത്തു നോക്കുമ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല .വല്ലാത്ത ഒരു  ഭാവമാണ് ഈ കാറ്റിന്.കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഇവനെ താന്‍   ഇഷ്ടപെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു ! പക്ഷെ മനസ്സ് അതിനു വഴങ്ങുന്നില്ല .ബെഡിൽ മകള്‍ മൂടി പുതച്ചു കിടക്കുകയാണ് .അവള്‍ക്കു ഈ കാറ്റ് ഉള്ള ദിവസം ആസ്ത്മ നന്നായി വരും .ചിലപ്പോള്‍ അതും ഒരു  കാരണം ആയിരിക്കും  ഈ കാറ്റിനെ ഇത്ര മാത്രം വെറുത്തു പോകാന്‍... .നാട്ടില്‍ ഇടവപ്പാതിയില്‍ വീശിയടിക്കാറുള്ള മഴ കാറ്റിനേയും ഡിസംബറിലെ പുലരിയില്‍ തൊട്ടു തലോടി പോകാറുള്ള തണുത്ത കാറ്റിനേയും തനിക്കേറെ ഇഷ്ടമായിരുന്നു .അവര്‍ക്കൊന്നും ഇല്ലാത്ത ഒരു ഭാവമാണ് ഇവിടുത്തെ പൊടിക്കാറ്റിന് ..ഒരിക്കലും തനിക്കു ഇഷ്ടപെടാന്‍ കഴിയാത്ത ഭാവം .
 ക്ലോക്കിൽ സമയം  പന്ത്രണ്ടു മണി ആകാറായി. മോള്‍ക്ക് നെബുലൈസേഷന്‍ കൊടുക്കാന്‍ സമയമായി .പതുക്കെ നെബുലൈസര്‍ മെഷീന്‍ എടുത്തു കിടക്കയില്‍ വച്ച്.മരുന്ന് നിറയ്ക്കുന്നതിനിടയില്‍  ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി ഭാര്യ ആണ് 
“അതേ മോള്‍ക്ക്‌ നെബുലൈസേഷന്‍ കൊടുക്കാന്‍ മറക്കേണ്ട” അതും പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു .
അവള്‍ക്കു നിന്ന് തിരിയാനുള്ള സമയം ജോലി സ്ഥലത്തില്ല .എന്നാലും അവള്‍ മോളുടെ കാര്യത്തില്‍ തന്നെക്കാള്‍  എത്രയോ ശ്രദ്ധാലുവാണ് എന്നത്  പലപ്പോളും അത്ഭുതപെടുത്തിയിട്ടുണ്ട് ..നെബുലൈസറിന്‍റെ ശബ്ദം ആ മുറിയുടെ നിശബ്ദതയെ പകുത്തു മുറിച്ചു .ഒരു കണക്കിന് ആ ശബ്ദം  ഒരു ആശ്വാസമാണ് .ആ ശബ്ദത്തിന്‍റെ  അവസാനം മോള്‍ക്ക്‌ സമാധാനം  ഉണ്ടാകുമെന്ന പ്രതീക്ഷയായിരിക്കാം അതിനാധാരം! .
വീണ്ടും ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി .
ഭാര്യ ആയിരിക്കും .. കഴിഞ്ഞോ എന്ന് ചോദിക്കാന്‍ വിളിക്കുകയയിരിക്കും .അല്പം ഒരു ദേഷ്യത്തോടെ  ഫോണ്‍  കയ്യില്‍ എടുത്തു . വീട്ടിലെ ഫോണില്‍ നിന്നാണല്ലോ ഈ വിളി  .ഈ നേരം വീട്ടില്‍ നിന്നും എന്താണാവോ പ്രത്യേകിച്ചു ? മോളുടെ  അസുഖ വിവരം അച്ഛന്‍ എങ്ങാനും  അറിഞ്ഞോ ? സംശയത്തോടെ  ഫോൺ കണക്ട് ചെയ്തു .
“ഹലോ"
“ഹലോ”
"ഹലോ എടാ ഇതു തെക്കേതിലെ ദിനേശനാ" 
"ആ ! നീയോ ! എന്താ ദിനേശാ കാര്യം ?"
"എടാ ....ഒരു കാര്യോണ്ട് ..അത് ...ഇപ്പോള്‍..."
"എന്താടാ ..എന്താ നീ കാര്യം പറയ്" 
..നീ വിഷമിക്കരുത് ..നിന്‍റെ അമ്മയ്ക്ക് നല്ല സുഖമില്ല  ....കുറച്ചു സീരിയസ് ആണ് ..നീ പറ്റുമെങ്കില്‍  എത്രയും പെട്ടന്ന് ഇങ്ങോട്ടേക്ക് വരണം" .
“അച്ഛന്‍ എവിടെ" 
“ അച്ഛന്‍ ഇവിടെ ഉണ്ട്”..നിനക്ക് ലീവ് കിട്ടുമോ" 
“ഞാന്‍ അങ്ങോട്ട്‌ വിളിക്കാം"
ഫോണ്‍ കട്ട്‌ ചെയ്തു  കിടക്കയിലേക്ക് മുഖം പൊത്തി കമിഴ്ന്നു  കിടന്നു .തന്‍റെ ഓര്‍മയിലുള്ള ചെറുപ്പം തൊട്ടു തന്‍റെ ജീവിതത്തില്‍ ഇന്നെ വരെയുള്ള ഏതു കാര്യത്തിലും താന്‍ ചിന്തിക്കാറുള്ള ആള്‍ .. തന്‍റെ ഉയർച്ച മാത്രം സ്വപ്നം കണ്ട ആൾ ..... തന്‍റെ  അമ്മ ... കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ .. ഇനി ഈ ജീവിതത്തിൽ താനിനി അമ്മേ എന്ന് വിളിച്ചാൽ വിളികേൾക്കാൻ ആരുമില്ല ... മോള്‍ക്ക്‌ ഒന്നും മനസിലായില്ല .എങ്കിലും തന്‍റെ കുഞ്ഞു വിരല്‍ കൊണ്ട് അയാളുടെ തലയില്‍ പതുക്കെ അവള്‍ തലോടി .അയാള്‍ മോളെ ചേര്‍ത്ത് പിടിച്ചു കരയാന്‍ തുടങ്ങി 
“കരയല്ലേ അച്ഛാ “ അവള്‍ തളര്‍ന്ന ശബ്ദത്തില്‍  അയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു !


 മൂന്ന് 




 image courtesy -www.itpeoplesociety.in

 
“എന്നാ ഞാന്‍ അങ്ങോട്ട്‌ ഇറങ്ങുകയാ നാരായണാ. .വീട്ടിലെ പശു ഉള്ളതൊന്നു പെറാന്‍ ആയി .ഇനി ഇവിടെ ഇങ്ങനെ നിന്നാല്‍ അവറ്റകളുടെ കാര്യം കഷ്ടാവും!" 
ശങ്കരന്‍ അമ്മാവന്‍ ഇറങ്ങാന്‍ തുടങ്ങുന്ന കാര്യം അയാള്‍ കട്ടിലില്‍ കിടന്നു കേള്‍ക്കുന്നുണ്ടായിരുന്നു .അച്ഛന്‍റെ മറുപടി  ഒന്നും കേട്ടില്ല .അയാള്‍ പതുക്കെ എണീറ്റു വരാന്തയിലേക്ക്‌ ചെന്നു .
അപ്പോളേക്കും അമ്മാവന്‍ ഗേറ്റ് കഴിഞ്ഞിരുന്നു ..സഞ്ചയനം കഴിഞ്ഞതോടെ എല്ലാവരും അവരവരുടെ തിരക്കിലേക്ക് ഓടി മറയാന്‍ തുടങ്ങിയിരിക്കുന്നു.
ഭാര്യയെയും മോളെയും കൊണ്ട് വരാത്തതില്‍ അമ്മാവനും  ചില ബന്ധുക്കളും  അയാളോട് പരിഭവം പ്രകടിപ്പിച്ചിരുന്നു .ഒന്നുമില്ലെങ്കിലും സ്വന്തം അമ്മയല്ലേ. .പൈസ ഉണ്ടാക്കണം എന്ന ഒരൊറ്റ വിചാരം മാത്രമായാല്‍ മതിയോ ..തുടങ്ങിയ അടക്കം പറച്ചിലുകള്‍ അയാളുടെ ചെവിയിലും എത്തിയിരുന്നു പക്ഷെ .അയാള്‍ക്ക് ഒന്നിനോടും പ്രതികരിക്കാന്‍ തോന്നിയില്ല .   അമ്മാവന്‍റെ പോക്കോടെ അവസാനത്തെ ബന്ധുവും ആ  വീട്ടില്‍ നിന്നും തിരക്കുകളിലേക്ക് മറഞ്ഞിരിക്കുന്നു .  താനും പെങ്ങളും അച്ഛനും മാത്രമായ ആ  വീട്ടില്‍ അയാള്‍ക്ക് വല്ലാത്ത ഏകാന്തത  അനുഭവപ്പെട്ടു തുടങ്ങിയിരുന്നു .ചെറുപ്പ കാലത്ത്  അച്ചാച്ചന്‍ മരിച്ചപ്പോള്‍ ഇങ്ങനെ ഒക്കെ ആയിരുന്നില്ല ഇവിടുത്തെ അവസ്ഥ .നാല്പതാം ദിവസം വരെ എല്ലാവരും ഒന്നിച്ചു വിഷമവും ഭക്ഷണവും എല്ലാം പങ്ക് വച്ചതു ഇതേ വീട്ടില്‍ വച്ചായിരുന്നൂ എന്ന കാര്യം അയാള്‍ ഓര്‍ത്തു  .അച്ചാച്ചന്‍ എല്ലാവരെയും ഒന്നിപ്പിച്ച ഒരു ഘടകം ആയിരുന്നു.അച്ചാച്ചന്‍ പോയതോടു കൂടി മക്കളെല്ലാം അവരവുരുടെ മതില്‍ കെട്ടിലേക്ക് ഒതുങ്ങി . അയാള്‍ അച്ഛനെ നോക്കി. ചാര് കസേരയില്‍ ഒന്നും മിണ്ടാതെ എവിടേക്കോ നോക്കി  ഇരിക്കുകയാണ് അച്ഛന്‍ .
അയാള്‍ പതുക്കെ അച്ഛന്‍റെ  അടുത്ത് വന്നിരുന്നു
“അച്ഛാ,”,
അച്ഛന്‍ പതുക്കെ തല അയാള്‍ക്ക് നേരെ തിരിച്ചു ചോദ്യ ഭാവത്തില്‍ നോക്കി .
“അമ്മാവനും പോയി” 
“ഉം ...ഞാന്‍ കണ്ടിരുന്നു.പിന്നെ എന്തു പറയാനാ .ആരെയും പിടിച്ചു നിര്‍ത്താന്‍ ആവില്ലലോ” .
“ചെലപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞു വരുമായിരിക്കും” 
"എങ്ങനെ വരാനാടാ അവന്‍ ? അവനവിടെ നിന്ന് തിരിയാന്‍ നേരം ഇല്ലാ ..ആ  മിണ്ടാപ്രാണികള്‍ക്കെല്ലാം എന്തെങ്കിലും കൊടുക്കേണ്ടേ”
“അച്ഛാ സുമ വരാഞ്ഞത് ലീവ് കിട്ടാത്തത് കൊണ്ടാ ..അവള്‍ക്കും വരണമെന്ന് ഉണ്ടായിരുന്നു”

 മോളുടെ അസുഖം അയാള്‍ അച്ഛനെ അറിയിക്കേണ്ട എന്ന്  തീരുമാനിച്ചിരുന്നു . ഉള്ളിൽ നീറി കൊണ്ടിരിക്കുന്ന ഒരഗ്നി പർവ്വതത്തിലേക്ക് എണ്ണ കോരി ഒഴിക്കുന്നതിനു തുല്യമാവും അത് !
 .
“അതൊന്നും സാരോല്ലെടാ ......നീ ഇവരൊക്കെ പറയുന്നത് കേട്ടു മനസ്സ് വിഷമിപ്പിക്കേണ്ട .ഒക്കതിനും കണ്ണ് കടിയാ...നമ്മള്‍ ഒന്ന് നന്നായതിലുള്ള കണ്ണ് കടി” 
“ഇനി അച്ഛന്‍ എന്‍റെ കൂടെ പൊന്നോളൂ .അവിടെയാവുമ്പോള്‍ സുമയും മോളും ഒക്കെ ഉണ്ട് .ഇവിടെ ഇങ്ങനെ നിന്നിട്ടെന്താ?
അച്ഛന്‍ പതുക്കെ ഒന്ന് ചിരിച്ചു  "എന്‍റെ തടിക്കൊരു കൊഴപ്പവും ഇല്ല ...എന്‍റെ കാര്യം എല്ലാം ഞാന്‍ നോക്കികോളാം .ഇനിയിപ്പം ഈ  പ്രായത്തില്‍ വിമാനവും കയറി ...ഞാന്‍ ഒന്നിനും ഇല്ല”
“വിമാന യാത്ര അത്ര പ്രശ്നമൊന്നും ഉണ്ടാക്കില്ല അച്ഛാ ...ഞാന്‍ എല്ലാം ചെയ്തോളാം”.
അച്ഛന്‍ ഒന്നും മിണ്ടാതെ മുറ്റത്തെ കിടക്കുന്ന ബാക്കിയായ ബലി ചോറ് നോക്കി  ഇരുന്നു

അപ്പോളേക്കും പെങ്ങള്‍ അവിടെ എത്തി
“അച്ഛന് എന്‍റെ കൂടെ വന്നൂടെ” ...
“എവിടെയാ മോളെ നിന്‍റെ വീട്ടില്‍ ...നിന്‍റെ അമ്മായി  അച്ഛനും അമ്മയും ചേട്ടന്മാരും എല്ലാരും കൂടി നിക്കണ ആ സ്ഥലത്തേക്കോ ...മോള് ചെല്ല് ..”
അച്ഛന്‍റെ സ്വരം കുറച്ചു കടുത്തിരുന്നൂ
പിന്നെ പെങ്ങള്‍ ഒന്നും പറഞ്ഞില്ല
രാത്രി ഭക്ഷണം കഴിഞ്ഞു മുറിയില്‍  ഇരിക്കുമ്പോള്‍ പെങ്ങള് വന്നു  അയാളുടെ അടുത്തിരുന്നു
“ഏട്ടാ ..എനിക്കെന്തായാലും നാളെ കഴിഞ്ഞു  വീട്ടിലേക്കു  പോവേണ്ടി വരും .സച്ചുവിന്‍റെ പരീക്ഷ തൊട്ടടുത്ത ആഴ്ചയാണ് .പിന്നെ വിജയേട്ടന്‍റെ കാര്യം അറിയാലോ .ഞാന്‍ അടുത്ത് ഇല്ലേല്‍ മരുന്ന് ഒന്നും കഴിക്കില്ല .ഇപ്പോള്‍ രണ്ടു കൊല്ലമായി ആള് നല്ല നോര്‍മലാണ് . ഇനി മരുന്ന് മുടങ്ങിയാല്‍ രോഗം അധികമാവും” ...
അവളുടെ കണ്ണിലെ നിസ്സഹായാവസ്ഥ അയാള്‍ കണ്ടു .എന്നാലും അയാള്‍ക്ക് തന്‍റെ പെങ്ങളുടെ മാറ്റത്തില്‍ അത്ഭുതം തോന്നി .പണ്ട് ഒറ്റയ്ക്ക് പറമ്പില്‍ പോലും ഇറങ്ങാന്‍ പേടിയുള്ള പെണ്ണായിരുന്നു .ഇപ്പോള്‍ ഒരു കുടുംബം ഇവളെ ചുറ്റിയാണ്‌ കറങ്ങി കൊണ്ട് നിക്കുനത് .
“നീ എപ്പോളാന്ന് വച്ചാല്‍ പോയ്കോ മോളെ ...ഞാന്‍ എന്താന്നു വച്ചാല്‍ ചെയ്തു കൊള്ളാം” .അയാള്‍ അവളെ ചേര്‍ത്ത് പിടിച്ചു .രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു .അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ തന്‍റെ കയ്യിലെ  തോര്‍ത്തു കൊണ്ട് ഒപ്പി


നാല്
image courtesy -www.inclaritas.com
 

ഇപ്പോള്‍ താനും അച്ഛനും മാത്രമായി ഈ വീട്ടില്‍. .പെങ്ങള്‍ ഇന്നലെ പോയതിനു ശേഷം താന്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുന്നു 
“അച്ഛാ...ഞാന്‍ അവിടുത്തെ ജോലി വിട്ടേക്കട്ടെ .എനിക്ക് അച്ഛനെ ഇവിടെ ഒറ്റയ്ക്ക് വിട്ടിട്ടു പോകാന്‍ ആവില്ല” .
“എടാ നീ എന്താലോചിച്ചാ ഈ പറയുന്നത്” ? അച്ഛന്‍ പെട്ടന്ന് ദേഷ്യം വന്നത് പോലെ തോന്നി. “നീ  അവിടെ നിന്ന് കഷ്ടപ്പെട്ടിട്ടല്ലേ  നമ്മള്‍  മൂന്ന് നേരം വല്ലതും കഴിച്ചു കിടക്കുന്നത് ..ഇല്ലേല്‍ ഈ കാന്നുന്ന പറമ്പും വീടൊക്കെ  വല്ലോനും സ്വന്തമാക്കിയിട്ടുണ്ടാവും ...പിന്നെ അശ്വതി വളര്‍ന്ന് വന്ന് കൊണ്ടിരിക്കുകയാ ..അവള്‍ക്കും  വല്ലതും ഉണ്ടാക്കേണ്ടേ...എന്നിട്ടവന് ഇങ്ങോട്ട് പോരണം പോലും”

പിറ്റേന്ന് രാവിലെ ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ എന്തോ  ഒരു ശബ്ദം .ഓടി ചെന്ന് നോക്കിയപ്പോള്‍ അച്ഛന്‍ കുളിമുറിയില്‍ വീണു കിടക്കുന്നു .നെറ്റി പോട്ടിയിട്ടു  ചോര പൊടിയുന്നുണ്ടായിരുന്നു.
"അച്ഛാ ..അച്ഛാ..." ഉറക്കെ വിളിച്ചു നോക്കി
അച്ഛന്‍ ഒന്ന് ഞെരുങ്ങിയത് പോലെ തോന്നി .ഒരു നിമിഷം താന്‍ അന്ധാളിച്ചു പൊയ് .എങ്ങനെയൊക്കെയോ മനസാന്നിധ്യം വീണ്ടെടുത്ത്‌ .തെക്കേതിലെ ദിനേശന്‍റെ കാറിനു വിളിച്ചു പറഞ്ഞു
.തൊട്ടടുത്ത ആശുപത്രിയിലേക്ക് കാറില്‍  അച്ഛനെ കൊണ്ട് പോകുമ്പോളും അച്ഛന് ബോധം തെളിഞ്ഞിരുന്നില്ല 
It’s a massive stroke .സി ടി സ്കാനില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട് .ഇത്രയും പ്രായമായ സ്ഥിതിക്ക് ലയ്സിസ്  ചെയ്യുന്നത് റിസ്ക് ആയിരിക്കും”  ഡോക്ടര്‍ സി ടി ഫിലിം നോക്കി കൊണ്ട് പറഞ്ഞു 
.
“ഡോക്ടര്‍ അപ്പോള്‍ ഇതു ഭേദം ആവില്ലേ” .
ഇപ്പോളത്തെ  സ്ഥിതിയില്‍ ഒന്നും പറയാന്‍ ആവില്ല ..anyway we are closely monitoring the situation .we will try our best.കുറച്ചു ബെറ്റര്‍ ആവുന്നത് വരെ ഐസിയുവില്‍ കിടക്കട്ടേ..
പെങ്ങളെ വിളിച്ചു പറയാം എന്ന് വിചാരിച്ചു   ഫോണ്‍ എടുത്തതാണ്  ..പിന്നെ വിചാരിച്ചു അവള്‍ വന്നിട്ട് എന്തു ചെയ്യാനാ ..അമ്മ മരിച്ചു വന്നു പോയപ്പോളേക്കും ഭര്‍ത്താവിന് രോഗം അധികം ആയി ..ആ പാവത്തിനെ ഇപ്പോള്‍ ബുദ്ധി മുട്ടിക്കേണ്ട എന്ന് വിചാരിച്ചു  

മൊബൈലില്‍ ഒരു പാട് മെയിലുകള്‍ വന്നു കിടക്കുന്നത് അപ്പോളാണ്  ശ്രദ്ധിച്ചതു .അതു വായിച്ചു തുടങ്ങിയപ്പോളാണ് താന്‍ ഇവിടെ എത്തിയിട്ടു ഒരു പാട് നാളായി എന്ന് മനസിലായത് ആകെ പത്തു ദിവസത്തെ എമർജെൻസി ലീവ് മാത്രമാണ് തനിക്ക് ലഭിച്ചതു .അതു തന്നെ ഒരു പത്തോ ഇരുപതോ കാലുകള്‍ പിടിച്ചിട്ടാണ് കിട്ടിയത് .ഇപ്പോള്‍ തന്‍റെ ലീവ്  ഇരുപതു ദിവസത്തോളമായിരിക്കുന്നു ... ഒഫീഷ്യൽ ഭാഷയിൽ അൺ ഒഫീഷ്യൽ ലീവ് !  മെയില്‍ ബോക്സില്‍  വിശദീകരണം  ചോദിച്ചുള്ള മെയിലുകള്‍ കിടക്കുന്നു .ഇനിയും വൈകിയാല്‍ ടെര്‍മിനേഷന്‍ മെയില്‍ ആയിരിക്കും  എന്നൊരു ഭീഷണി അവസാനത്തെ മെയിലിൽ നിഴലിച്ചു നിൽക്കുന്നുണ്ട് . ഈ  ജോലിയിൽ നിന്നും പുറത്താക്കിയാൽ താൻ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും എന്നുള്ളത് ഉറപ്പാണ്‌ .ടെര്‍മിനേറ്റ് ചെയ്ത ആള്‍ക്കാരെ ജോലിക്കെടുക്കാന്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് താത്പര്യം ഉണ്ടാകാറില്ല . ഈ ജോലി മുന്നിൽ കണ്ടു താൻ എടുത്ത ലോണുകൾ , മകളുടെ വിദ്യാഭ്യാസം ,എല്ലാം പിന്നെ ഒരു സമസ്യയാവും .
മൊബൈലിൽ വെറുതെ നോക്കി നില്‍ക്കേ ഭാര്യയുടെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു .
“ഏട്ടാ ..മോളെ ഇവിടെ അഡ്മിറ്റ്‌ ആക്കിയിട്ടുണ്ട് .തീരെ വയ്യ ...എനിക്കാകെ എന്താ ചെയ്യേണ്ടതെന്നു അറിയില്ല ..എട്ടന് എപ്പോളാ വരാന്‍  കഴിയുക”
അതും കൂടി കേട്ടതോടെ ആകെ തളർന്നു പോയി .തന്‍റെ ഒരു ശപിക്കപെട്ട ജന്മമാണ് എന്ന് മനസ്സില്‍ ആരോ  വിളിച്ചു പറയുന്നതായി  തോന്നി .
. ഐസിയുവിലെ സന്ദര്‍ശന സമയത്ത് അച്ഛനെ കാണാന്‍ ഓടി കയറി .കണ്ണുകള്‍ മാത്രം വെളിയിലാക്കി ഗൌണും മാസ്കും തൊപ്പിയും ധരിപ്പിച്ചു ഡ്യൂട്ടി നേഴ്സ് അയാളെ അച്ഛന്‍റെ അടുത്ത് ആനയിച്ചു .അത്രയും നേരം പിടിച്ചു നിന്ന കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ തുടങ്ങി.ഇന്നലെ വരെ തന്നോട് സംസാരിച്ച തന്‍റെ അച്ഛന്‍ ഇതാ ഓര്‍മകളുടെയും ചിന്തകളുടെയും ലോകത്തില്‍ നിന്നും അപ്രത്യക്ഷനായിരിക്കുന്നു .അച്ഛന്‍റെ തലയ്ക്കു മുകളിലൂടെ ഇസിജി ചെറിയൊരു ബീപ് ശബ്ദത്തോടെ ഹൃദയ താളം അളന്നു കൊണ്ടിരിക്കുന്നു .ഓക്സിജന്  മാസ്ക് അച്ഛന്‍റെ മുഖത്തിന്‍റെ വലിയൊരു ഭാഗം മറച്ചിരിക്കുന്നു . ഈറന്‍ അണിഞ്ഞ കണ്ണുകള്‍ അടഞ്ഞു കിടക്കുന്നൂ .അച്ഛന്‍ വല്ലതും അറിയുന്നുണ്ടാവുമോ ?പതുക്കെ അച്ഛന്‍റെ കാലുകള്‍ സ്പര്‍ശിച്ചു .  അച്ഛന്‍ കണ്ണു തുറന്നു തന്നെ നോക്കിയോ?  
                       അഞ്ച്




 image courtesy -www.thebges.edu.in

അച്ഛനെ വീല്‍ ചെയറില്‍  ആ വൃദ്ധസധനത്തിന്‍റെ റാമ്പില്‍ കൂടി  കൊണ്ട് പോകുമ്പോള്‍ അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.തന്‍റെ കൈകളുടെ ശക്തി കുറഞ്ഞു പോകുന്നത് പോലെ അയാള്‍ക്ക് തോന്നി .അയാള്‍ക്ക് കരയണം എന്നുണ്ടായിരുന്നു .പക്ഷെ ...കണ്ണുകളില്‍ ഇനി കരയാന്‍ കണ്ണ്നീര് ബാക്കി ഉണ്ടായിരുന്നില്ല .ഇടയ്ക്കെപ്പോഴോ മടിയില്‍ വച്ചിരുന്ന യൂറിനറി ബാഗ്  നിലത്തേക്ക് വീഴാന്‍ പോയപ്പോള്‍ അയാള്‍ വീല്‍ ചെയര്‍ നിര്‍ത്തി .ബാഗ് ശരിയാക്കി വെക്കുന്നതിനിടയില്‍ തന്‍റെ കൈകളില്‍ ഒരിറ്റു കണ്ണീര്‍ വീഴുന്നത് അയാള്‍ അറിഞ്ഞു  അപ്പോളാണ് അച്ഛന്‍റെ  കണ്ണുകളില്‍ കൂടി കണ്ണീര്‍ ചാലുകള്‍ ഒഴുകിയ പാടുകള്‍ അയാള്‍ കണ്ടത് .അച്ഛന്‍റെ  മുറിയില്‍ എത്തിയപ്പോള്‍  അവിടുത്തെ നേഴ്സ് അവിടെ എത്തിയിരുന്നു .അവര്‍ അവിടെ  എല്ലാ സജീകരണങ്ങളും ഒരുക്കിയിരുന്നു . സക്ഷന്‍ അപ്പാററ്റസ് ,ഓക്സിജന്‍ സിലിണ്ടര്‍ ,വാട്ടര്‍ ബെഡ് തുടങ്ങിയവയെല്ലാം കണ്ടപ്പോള്‍ അയാള്‍ക്ക്‌ അതു ഒരു ഹോസ്പിറ്റല്‍ ആണെന്ന് തോന്നി . അച്ഛനെ കിടക്കയിലേക്ക് മാറ്റാന്‍ നേഴ്സും സഹായിയും അയാളെ  സഹായിച്ചു . കുറച്ചു സമയം അച്ഛന്‍റെ കൂടെ തനിച്ചു നിക്കണം എന്ന് അയാളുടെ ആഗ്രഹ പ്രകാരം മറ്റുള്ളവര്‍ അവിടെ നിന്നും പുറത്തേക്കു പോയി .

.അവര്‍ക്കിടയില്‍ കുറെ നേരം നിശബ്ദത തളം കെട്ടി നിന്നു .കുറെ നേരം അങ്ങനെ നിന്ന് പെട്ടന്ന് അയാള്‍ അച്ഛനെ കെട്ടി പിടിച്ചു. മനസ്സ് കൊണ്ട് അയാള്‍ അച്ചനോട്  സംസാരിച്ചു .  “അച്ഛാ... മാപ്പ് . അച്ഛനോടും  അമ്മയോടും ഉള്ള  കടങ്ങള്‍ എനിക്ക് വീട്ടാന്‍ പറ്റിയിട്ടില്ല എന്ന് എനിക്കറിയാം.ഒരു മകന്‍ എന്ന നിലയില്‍ എന്‍റെ ചെയ്തിയെ ഈ തലമുറയും അച്ഛന്‍റെ  തലമുറയും എന്നെ കുറ്റപെടുത്തും.പക്ഷെ അച്ഛന്‍ പറഞ്ഞ പോലെ എനിക്ക് വേറൊന്നു തിരഞ്ഞെടുക്കാന്‍ ഉള്ള സാഹചര്യം ഇല്ല .ഞാന്‍ പലപ്പോളും ആലോചിച്ചിട്ടുണ്ട് ഒരു പക്ഷെ നമ്മുടെ നികത്തിയ പാടത്തില്‍ നെല്‍ കൃഷിയും തൊടിയില്‍ കാച്ചിലും തോടുകളില്‍ മീനും നമ്മുടെ ആര്‍ഭാടങ്ങള്‍ ആയ കാലത്ത്   ഒരു കൃഷിക്കാരന്‍റെ സ്വപ്നം മാത്രമേ നമ്മള്‍ക്ക്  ഉണ്ടായിരുന്നുള്ളു  ! പതുക്കെ  പടവുകള്‍  മുന്നോട്ട് കയറിയപ്പോള്‍ നിലനില്‍പ്പിനായി  സ്വപ്‌നങ്ങള്‍ നമ്മള്‍ക്ക് മാറ്റേണ്ടതായി വന്നു. മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാനായി ഞാന്‍ ഒരു യാഗാശ്വം അവേണ്ടതായി വന്നു .  അശ്വമേധത്തിനു  നിയോഗിക്കപ്പെട്ട ഒരു യാഗാശ്വം....തിരിച്ചു നടക്കാന്‍ യോഗമില്ലാത്ത ഒരു യാഗാശ്വം ... മാപ്പ് ..മാപ്പ്..മനസ്സ് കൊണ്ട് വീണ്ടും ഒരായിരം വട്ടം മാപ്പ് പറഞ്ഞു അയാള്‍ ആ മുറിയില്‍ നിന്നും ഒരിക്കലും ഉണങ്ങാത്ത മുറിവേറ്റ മനസുമായി ഇറങ്ങി.ഒപ്പിട്ടു കൊടുത്ത ബ്ലാങ്ക് ചെക്കുകളില്‍ പറ്റിയിരിക്കുന്ന കണ്ണീര്‍ തുള്ളികള്‍ പക്ഷേ  ആരും കണ്ടില്ല . അപ്പോള്‍ അയാളുടെ മൊബൈലില്‍ മറ്റന്നാളേക്കുള്ള യാത്രാ ടിക്കറ്റ് സ്ഥിതീകരിച്ചു  കൊണ്ടുള്ള സന്ദേശം ലഭിച്ചു കഴിഞ്ഞിരുന്നു


എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്തു ബോര്‍ഡിംഗ് പാസ്‌ വാങ്ങി അറിയിപ്പിനായി അയാള്‍ കാത്തു നില്‍ക്കുകയയിരുന്നൂ..വെയിറ്റിംഗ് റൂമിലെ ടീവിയില്‍ അയാള്‍  വെറുതെ നോക്കിയിരുന്നു.വൃദ്ധജനങ്ങള്‍ക്കായി അധികാരികള്‍ മാറ്റി വച്ച ദിവസമാണ് ഇന്ന് എന്നുള്ളത് വാര്‍ത്തകളില്‍  നിന്നും അയാള്‍ മനസ്സിലാക്കി   .അതുമായി ബന്ധപ്പെട്ട ഏതോ എക്സ്ക്ലൂസീവ് വാര്‍ത്ത‍ അവതാരകന്‍ ശ്വാസം വിടാതെ അവതരിപ്പിക്കുകയാണ്        

“നമ്മുടെ സമൂഹത്തിന്‍റെ പോക്ക് എങ്ങോട്ടാണ്? .സംസ്കാര സമ്പന്നര്‍ എന്ന് എപ്പോളും മേനി പറഞ്ഞു നടക്കുന്ന കേരളീയ സമൂഹത്തിന്‍റെ മനസാക്ഷിയെ കുത്തി നോവിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ ഞങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്  ...ഈ വീഡിയോയില്‍  കാണുന്ന വയോധികന്‍  ഈ കാണുന്ന വൃദ്ധസധനത്തിലെ  അന്തേവാസിയാണ്.ഇദ്ദേഹം ഈ രാജ്യത്തുള്ള വൃദ്ധ ജനങ്ങളുടെ മൊത്തം പ്രതിനിധിയാണ്  ..ആരുമില്ലാത്ത  ഒരനാഥന്‍ അല്ല ഇദേഹം .സ്ട്രോക് വന്നു ഒരു ഭാഗം തളരുകയും സംസാര ശേഷി നഷ്ടപെടുകയും ചെയ്ത ഇയാളെ  മക്കള്‍ ഇവിടെ ഉപേക്ഷിച്ചു പോയി. ഇതു പോലെ എത്രയോ  വ്യക്തികള്‍ ഇതുപോലെ ഉള്ള  സ്ഥാപനതിനുള്ളില്‍ നില്‍ക്കുന്നുണ്ട്. അത്തരക്കാരുടെ ജീവിതത്തിലെക്കാണ് ഈ ദിനത്തില്‍ ഞങ്ങള്‍ നിങ്ങളെ  കൊണ്ട്   പോകുന്നത് ...