Monday, January 11, 2016

ഒരു അപ്രതീക്ഷിത അതിഥി



ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ അതിനു മുന്‍പ് എന്‍റെ 'അച്ഛന്‍ -ഓണ്‍ പ്രൊബേഷന്‍’  എന്ന പോസ്റ്റ്‌ വായിക്കാന്‍ അപേക്ഷ.. .

image courtesy -en.wikipedia.org


അച്ഛന്‍ എന്ന സ്ഥാനത്തില്‍  എന്‍റെ പ്രകടനം കണ്ടിട്ടാവണം . പ്രോബേഷന്‍ ഡിക്ലേര്‍ ചെയ്യാന്‍ ഒരു നാല് കൊല്ലത്തെ സമയ പരിധി വേണ്ടി വന്നു .എന്തായാലും ഏപ്രില്‍ 20 ,2015 ല്‍ ആ പരിപാടി ഔദ്യോധികമായി അങ്ങ് കഴിഞ്ഞു .അന്ന് ഞാന്‍ വീണ്ടും ഒരു കുഞ്ഞു പെണ്ണിന്‍റെ അച്ഛനായി .ഇന്ത്യയിലെ അസഹിഷ്ണുത കൊണ്ട് നമ്മള് ഗ്രീസ് വരെ ഇപ്രാവിശ്യവും പോയി  ..അവിടുത്തെ മിത്തോളജിയില്‍ നിന്നും ഒരു പേര് ചികഞ്ഞെടുത്തു പുതിയ ഗഡിക്ക് അങ്ങിടിട്ടു . ‘ആന്‍ഥിയ’ .പൂക്കളുടെ ദേവത എന്നാണത്രേ അര്‍ഥം ...

2015 എനിക്കും  എന്‍റെ പ്രിയപ്പെട്ടവര്‍ക്കും അത്ര നല്ല അനുഭവങ്ങള്‍ സമ്മാനിച്ചല്ല കടന്ന് പോയത് .രാപ്പാര്‍ക്കാന്‍ ഒരു കൊച്ചു കൂടാരം ഉണ്ടാക്കാനുള്ള ശ്രമം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി ,ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്‍റെ പ്രിയപ്പെട്ട അനിയന്‍റെ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ,ഭാര്യക്ക്‌ പ്രസവാവധി നിഷേദിച്ചപ്പോള്‍ താളം തെറ്റിയ കുടുംബ ബഡ്ജറ്റ്‌,കൂടി വന്ന കടങ്ങള്‍ ,സ്വന്തം ജോലിയില്‍ സ്ഥിരമായി ഉണ്ടാകുന്ന അരക്ഷിതവസ്ഥ, അങ്ങനെ ഒരു നൂറു കൂട്ടം പ്രശ്നങ്ങള്‍ തലയില്‍ ലക്കും ലഗാനും ഇല്ലാതെ ഓടി കൊണ്ടിരിക്കുമ്പോളാണ് നമ്മുടെ പുതിയ ഗടി  അപ്രതീക്ഷിതമായി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത് .

പ്രോബേഷന്‍ ഡിക്ലേര്‍ ചെയ്തത് കൊണ്ടായിരിക്കണം മൂത്ത മോള്‍ ഉണ്ടായപ്പോള്‍ ഉണ്ടായ അത്ര  അങ്കലാപ്പും ആവലാതിയും ഈ പ്രാവിശ്യം ഉണ്ടായില്ല .എല്ലാം വളരെ ചിന്തിച്ചും ആലോചിച്ചും തീരുമാനങ്ങള്‍ എടുക്കാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് ഞങ്ങളെ  രണ്ടു പേരെയും ആ നാലു കൊല്ലം കൊണ്ട് മൂത്തയാള്‍ എത്തിച്ചിരുന്നു .ഉദാഹരണത്തിന് ഒരു  നാലു കൊല്ലം മുന്‍പ് രാത്രി നമ്മുടെ സന്താനം നിര്‍ത്താതെ കരഞ്ഞു എന്നിരിക്കട്ടെ ..അടുത്ത ഷോട്ടില്‍ എന്നെ കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലാണ് കാണുക ...ആശുപത്രിയിലേക്കുള്ള ടേക്ക് ഓഫിനായി ...പക്ഷെ ഇന്നാണ് അത് സംഭാവിച്ചതെങ്കില്‍ എന്തിനാണ് കരയുന്നത് എന്ന് ഒന്ന് നോക്കാനുള്ള ഒരു സാമാന്യ ബുദ്ധി എനിക്ക് വന്നു എന്ന് വേണം കരുതാന്‍ ...

സംഭവം ചേച്ചിയും അനിയത്തിയും ഒക്കെ ആണേലും രണ്ടെണ്ണവും തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ടെന്നാണ് ഉന്നത കമ്മിറ്റിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.മൂത്തയാള്‍ ഒരു പാവം എന്ന ലേബെലിലും  ചെറിയ ആള്‍ ഒരു വിപ്ലവകാരി എന്ന ലേബെലിലും ആണ്അറിയപെടുന്നത് .അവകാശങ്ങള്‍ നേടിയെടുക്കുക എന്നുള്ളതാണെന്ന് തോന്നുന്നു മൂപ്പരുടെ രീതി .എന്‍റെ ഒരു പ്രൊട്ടോ ടൈപ്പ് ആകും കക്ഷി  എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.പിന്നെ പറയാതിരിക്കാന്‍ വയ്യ ..ആള്‍ എന്‍റെ ഒരു വലിയ ഫാന്‍ ആണ് .വീട്ടില്‍ മറ്റാരെകാളും കക്ഷിക്ക് താത്പര്യം നമ്മളെ ആണ് (എനിക്ക് വയ്യ !!). ആയിടെ തലശ്ശേരിയിലെ പഴയ പിന്റോ സ്റ്റുഡിയോവില്‍ നിന്നെടുത്ത എന്‍റെ  കുട്ടി  കാലത്തുള്ള  ഒരു ‘ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്’ ഫോട്ടോ പഴയ ഏതോ  ആല്‍ബത്തില്‍ നിന്നും ആരോ കണ്ടെടുത്തു .നോക്കുമ്പോള്‍ നമ്മള്‍ രണ്ടാളും ക്ലോണ്‍ ചെയ്ത പോലത്തെ സാമ്യം !വീണ്ടും  നാല് കൊല്ലത്തിനു ശേഷം ഒരു ഉള്പുളകം അപ്പ തന്നെ  അനുഭവിച്ചു! .

അങ്ങനെ പുരുഷ ഭൂരിപക്ഷം ഉണ്ടായ ആവാസ വ്യവസ്ഥയില്‍ നിന്നും സ്ത്രീ ജനസംഖ്യ മുക്കാല്‍ ഭാഗത്തോളം ആയ ഒരു ആവാസ വ്യവസ്ഥയിലാണ്  ഞാന്‍  എത്തി പെട്ടിരിക്കുന്നത്(രണ്ടു ആണ്‍മക്കള്‍ മാത്രം ഉള്ള ഒരച്ഛന്‍റെ മകനാണ് ഞാന്‍ ).പണ്ട് പത്താം ക്ലാസ്സില്‍ സെന്റ്‌ ജോസഫ്‌ ബോയ്സ് ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ മനസുരുകി പ്രാര്‍ത്ഥിച്ചിരുന്നു(അന്ന് ദൈവ വിശ്വാസം ഇച്ചിരി അധികം ഉണ്ടായിരുന്നു! )  ..ഒരു പെണ്കുട്ടിയുമായി സംസാരിക്കാനുള്ള അവസരം എങ്കിലും ഉണ്ടാക്കി തരണേ ദൈവമേ എന്ന് ...ദൈവ വിശ്വാസികള്‍ക്ക് അതിനെ അതിന്‍റെഒരു പരിണിത ഫലമായി വ്യാഖ്യാനിക്കാം.ഏതായാലും 2015 ലെ പ്രശ്ന കലുഷിതമായ അന്തരീക്ഷത്തില്‍ പ്രതീക്ഷയുടെ പൊന്‍ കിരണവുമായി വന്ന് ഞങ്ങളെ ആശ്വസിപ്പിച്ച  എന്‍റെ പ്രിയപ്പെട്ട ആന്‍ഥിയ കുട്ടിക്ക് ഞങ്ങളുടെ ഈ കൊച്ചു കുടുംബത്തിന്റെ സന്തോഷത്തിലും ദു:ഖത്തിലും ഉയര്‍ച്ചയിലേക്കും ഞാന്‍ ഹാര്‍ദമായി  സ്വാഗതം ചെയ്തു കൊള്ളുന്നു ... 
         നുമ്മക്ക് ഇവിടെ  അടിച്ചുപൊളിക്കാം.....