Saturday, December 26, 2015

ഒരു നീണ്ട കഥ ...നീണ്ട ,നീണ്ട കഥ




       



image courtesy -www.wikimedia.org

തിരുവോണത്തിന്‍റെ അന്ന് വീടിന്‍റെ പുറത്തു ഒരു എന്തോ മതിലില്‍ വന്നു ഇടിച്ചു വീഴുന്ന ശബ്ദം കേട്ടിട്ടാണ് ഞാന്‍ പുറത്തേക്കു ഓടി വന്നു നോക്കുമ്പോളാണ് ഡിങ്കുവിനെ ഞാന്‍  കണ്ടത്.   ഡിങ്കു കാനയില്‍ നിന്നും പതുക്കെ എണീറ്റു വരുന്നു .അടുത്ത് തന്നെ ഏതോ ഒരു ഹതഭാഗ്യന്‍റെ ആക്ടിവ സ്കൂട്ടര്‍ ശീര്‍ഷാസനത്തില്‍ കിടക്കുന്നും ഉണ്ട് .
“ഒന്നും പറ്റിയിട്ടില്ല ..ചെറുങ്ങനെ കാലിന്‍റെ തോല് പോയേ ഉള്ളൂ “
എന്നെ സമാധാനിപ്പിക്കാന്‍ ഡിങ്കു പറഞ്ഞു .
പക്ഷ ഞാന്‍ അപ്പോളും ഇളകിയ മതിലിന്‍റെ കല്ല്‌ നോക്കി ഫ്യൂസ് കത്തിയ മീറ്റര്‍ ബോക്സ്‌ കണക്കെ നില്‍ക്കുകയായിരുന്നു .
കുറച്ചു നേരം അങ്ങനെ നിന്ന ശേഷം സമനില വീണ്ടെടുത്ത ഞാന്‍ അവനോടു അഹിംസ തിയറി മുറുകെ പിടിച്ചു കൊണ്ട് വളരെ കഷ്ടപ്പെട്ട് ചോദിച്ചു ..
നിനക്കൊന്നു ശ്രദ്ധിച്ചു ഓടിച്ചു കൂട്രോ ?
“വിചാരിച്ച പോലെ ബ്രേക്ക്‌ കിട്ടിയില്ല ...അതാ പറ്റിയത് “
ഡിങ്കു ശീര്‍ഷാസനത്തില്‍ ഉള്ള വണ്ടിയെ ശരിയാക്കി കൊണ്ട് പറഞ്ഞു .
എങ്ങനെയൊക്കെയോ അതിന്‍റെ മേളില്‍ കയറി പറ്റി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടിക്കൊരു അനക്കവും ഇല്ല .സെന്റര്‍ സ്റ്റാന്‍ഡില്‍ ഇട്ടു കിക്കര്‍ ചവിട്ടി സ്റ്റാര്‍ട്ട്‌ ആക്കാന്‍ ശ്രമിച്ചപോളാണ് സെന്റര്‍ സ്റ്റാന്റ് നഷ്ടപെട്ട വിവരം അവനു മനസിലായത്. ഒന്ന് രണ്ടു പ്രാവിശ്യം കാനയില്‍ തപ്പിയതിനു ശേഷം സ്റ്റാന്റ് കാനയില്‍ നിന്നും തന്നെ പ്രത്യക്ഷപ്പെട്ടു .
“പൈക്ക് കൊടുക്കാനുള്ള ഒരു കറ്റ പുല്ലും വാങ്ങി വരുന്ന വഴിയാണ് മോനെ ...ഭാഗ്യത്തിന് കറ്റ പൊട്ടിയില്ല ..അല്ലേല്‍ കഷ്ടപ്പെട്ട് പോയേനെ” ഡിങ്കു തന്‍റെ ഭാഗ്യം വിവരിച്ചു .എയര്‍ ഇന്ത്യ വിമാനം തകരാറ് സംഭവിച്ചപ്പോള്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ മുഖ ഭാവം ആണ് അപ്പോള്‍ ആ അവിഞ്ഞ മുഖത്ത് എനിക്ക് അനുഭവപ്പെട്ടത്  അല്‍പ സമയത്തിനുള്ളില്‍  താന്‍ അംഗ പരിമിതന്‍ (പരിമിത ?) ആക്കിയ  പുതിയ ഒരു ഇരയെയും തള്ളി കൊണ്ട് ഡിങ്കു മുന്നോട്ടേക്ക് നീങ്ങി ..ഞാന്‍ ഒന്നും മിണ്ടാതെ ഇങ്ങനെ നോക്കി നിന്നു  

നിങ്ങള്‍ വിചാരിക്കുനുണ്ടാവും ഞാന്‍ എന്തൊരു പോട്ടനാണെന്ന് ....dont misunderstand …bro .ഞാന്‍ അങ്ങനെ നിന്നതില്‍ രണ്ടു കാര്യങ്ങള്‍  ഉണ്ട് ...
ഒന്ന് ഞാന്‍ പ്രതികരിച്ചാല്‍ ലവനുമായുള്ള ബന്ധം വഷളാവും ..പക്ഷെ അതോടു കൂടി വീട്ടിലെ തെങ്ങിന്‍റെ മണ്ടയില്‍ വെന്നി കൊടി പാറിക്കാന്‍ വേറെ ആളെ നോക്കേണ്ടി വരും ....നോക്കല്‍ മാത്രമേ നടക്കുള്ളൂ ..ആള് വേറെ ഇല്ല .. പൂര്‍ണ വളര്‍ച്ച എത്തിയ നാളികേരങ്ങളെ മിക്കവാറും എന്‍റെയോ എന്‍റെ കുടുംബത്തിലെ ആരുടെയെങ്കിലും മേലോ തെങ്ങുകള്‍ പ്രസവിച്ചിടും ...അങ്ങനെ ഒരു മരണം ഞാന്‍ ആഗ്രഹിക്കുന്നില്ല .
രണ്ടു –ഈ കാരണം പറയണമെങ്ങില്‍ ഒരു ഫ്ലാഷ് ബാക്ക് പറയണം ..
രംഗം ..ബ്രെണ്ണന്‍ കോളേജ് ഗ്രൌണ്ട് , പത്തിരുപതു കൊല്ലം മുന്നേ ഉള്ള ഒരു ഡ്രൈവിംഗ് ടെസ്റ്റ്‌
രംഗത്തില്‍ - ഡിങ്കു, ആര്‍ടിഒ,ഒരു ഹത ഭാഗ്യനായ എം 80 (നായ കുറുക്കന്‍) സ്കൂട്ടര്‍,ആകാംഷാകുലരായ കുറച്ചു ഡ്രൈവിംഗ് സ്കൂള്‍ മാഷന്‍മാര്‍.

ആര്‍ടിഒ ലിസ്റ്റ് നോക്കി ഡിങ്കുവിന്‍റെ പേര് വിളിക്കുന്നു .ഡ്രൈവര്‍ ആശാന്‍റെ കയ്യില്‍ നിന്നും അനുഗ്രഹം മേടിച്ചു ഹത ഭാഗ്യനായ എം 80യില്‍ പേടിച്ചു കൊണ്ട് കയറുന്ന ഡിങ്കു. ആര്‍ടിഒ പതുക്കെ ഡിങ്കുവിന്‍റെ അടുത്തേക്ക് നടന്നു വരുന്നു
ആര്‍ടിഒ –“ എന്താ സ്കൂട്ടര്‍ ഓട്ടാന്‍ നല്ലോണം പഠിച്ചിട്ടുണ്ടോഡാ?”
ഡിങ്കു –“ഇന്നലേം കൂടി നോക്കീനെനും സാറെ”
ആര്‍ടിഒ- “ഉം ...എന്നാല്‍ വണ്ടി എടുക്ക്”- ഇതും പറഞ്ഞു  ആര്‍ടിഒ വണ്ടിയുടെ പിറകിലേക്ക് കയറുന്നു .ഓവര്‍ ലോഡ് ആയ വണ്ടിയെ പണി പെട്ടു നേരെ ആക്കുന്ന ഡിങ്കു.

 -കട്ട്‌-

സീന്‍ - ആര്‍ടിഒയെ പിറകില്‍ ഇരുത്തി റോഡ്‌ ടെസ്റ്റ്‌ എടുക്കുന്ന ഡിങ്കു
രംഗത്തില്‍ - ഡിങ്കു, ആര്‍ടിഒ , ഒരു ഹത ഭാഗ്യനായ എം 80 , താണ് കിടക്കുന്ന ഒരു ഇലക്ട്രിക്‌ ലൈന്‍

ആര്‍ടിഒ- “ഗിയര്‍ മാറ്റ് ..കൊറേ നേരമായല്ലോ ഫസ്റ്റ്ഇല്‍ പോന്നത് ...വേറെ ഗിയര്‍ ഒന്നും ഇല്ലേ “?
ഡിങ്കു(റിയര്‍ വ്യൂ കണ്ണാടിയില്‍ നോക്കി ഭവ്യത വരുത്തി കൊണ്ട് ) –സാറ് പറഞ്ഞിട്ട് മാറ്റാം എന്ന് വിചാരിച്ചു ..
ആര്‍ടിഒ “–ഈ പൊരി വെയിലത്ത്‌ എന്നെ കൊണ്ടൊന്നും പറയിക്കരുത്‌ ..ഗിയര്‍ മാറ്റി വണ്ടി ഓടിക്കെടാ”
ഡിങ്കു (അനുസരണയോടെ) - “ശരി സാറെ”
വണ്ടി മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നു .വണ്ടി ഒരു കവലയില്‍ എത്തുന്നു
ആര്‍ടിഒ- “ആ കവലയില്‍ നിന്നും തെക്കോട്ട്‌ തിരിച്ചോ”
തെക്ക് എങ്ങോട്ടാണെന്ന് അറിയാതെ വണ്ടറടിച്ച നില്‍ക്കുന്ന ഡിങ്കുവിന്‍റെ മുഖം ക്ലോസ് അപ്പില്‍ കാണുക ..
ആര്‍ടിഒ- “വേഗം..സിഗ്നല്‍ കാട്ടി തിരിക്കെടാ”
ആകെ പകച്ചു പോയ ഡിങ്കു എങ്ങോട്ടേക്കോ വണ്ടി തിരിക്കുന്നു
വണ്ടി തിരിഞ്ഞതും തൊട്ടടുത്തു റോഡിനു കുറുകെ കെഎസ്ഇബി പോസ്റ്റ്‌ മാറ്റുന്നതിനാല്‍ താണ് കിടക്കുന്ന ഒരു ഇലക്ട്രിക്‌ ലൈന്‍ .ജന്മനാല്‍ കിട്ടിയ ഭികരന്‍ റിഫ്ലക്സ് കാരണം പെട്ടെന്ന്  ഡിങ്കു ഒരൊറ്റ കുനിയലും നിവരലും ചെയുന്നു ! തന്‍റെ റിഫ്ലക്സ് ഉണര്‍ത്തിയ വൈദ്യുതി കമ്പിയെ കാണാന്‍ ഒന്ന് കൂടി പൂതി തോന്നുന്ന  ഡിങ്കു ..വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കുന്നു ...അപ്പോള്‍ ദാണ്ടേ  കമ്പിയില്‍ ജാക്കെറ്റ് ഉണക്കാന്‍ ഇട്ട പോലെ നമ്മുടെ ആര്‍ടിഒ ആടി കളിക്കുന്നു .ഓടി ചെന്ന് ആര്‍ടിഒയെ ഇറക്കാന്‍ ശ്രമിക്കുന്ന ഡിങ്കു.
ഡിങ്കു: സാറെ ..സാറെ സോറി സാറേ ..എന്തെങ്കിലും പറ്റിയോ ? ആ കരണ്ട് കമ്പി പറ്റിച്ച പണിയാണ് ...
കമ്പിയില്‍ നിന്ന് ഡിങ്കുവിന്‍റെ കൈ പിടിച്ചു ഇറങ്ങുന്ന ആര്‍ടിഒ..ഉടനടി ഡിങ്കുവിന്‍റെ  മോന്തയ്ക്ക് നോക്കി ഒരെണ്ണം പൊട്ടിക്കുന്നു .
ആര്‍ടിഒ-“തെക്കും വടക്കും അറിയാത്ത നീ എവിടുന്നാടാ ലൈസന്‍സ് എടുക്കാന്‍ വന്നത്” ?
ഡിങ്കു: “നമ്മുടെ നാട്ടില്‍ വലത്തോട്ടും ഇടത്തോട്ടും മാത്രേ ഉള്ളൂ സാറെ ..തെക്കും വടക്കും ഇല്ല ...സത്യത്തില്‍ സാറെ ഏതാണ്  ഈ തെക്ക് “?
ആര്‍ടിഒ- “കളിയാക്കുന്നോടാ   നീയൊക്കെ ലൈസന്‍സ് എടുക്കുന്നത് എനിക്കൊന്നു കാണണം” ?
          
             .......കട്ട്‌ ........................പായ്ക്ക് അപ്പ്‌ 

ഡിങ്കു കാര്യമായി പറഞ്ഞതാണേലും ആര്‍ടിഒ അതു ഒരു കളിയാക്കല്‍ ആയാണ്  എടുത്തത്‌ .നമ്മുടെ നാട്ടില്‍ ദിക്കുകള്‍ ഇടത്ത് ,വലത്ത്,മുന്‍പോട്ടു , ബേക്കോട്ടു  എന്നിങ്ങനെ ആണ് .പക്ഷെ അതോടു കൂടി ഡിങ്കു ലൈസന്‍സ് ടെസ്റ്റ്‌ എന്ന പരിപാടി നിര്‍ത്തി .കാരണം ഒരഞ്ചു കൊല്ലം നമ്മുടെ പഴയ ആര്‍ടിഒ ആയിരുന്നു സ്ഥലം ഓഫീസര്‍ .അഞ്ചു കൊല്ലം കഴിയുംമ്പോളെക്കും ഡിങ്കുവിന്‍റെ ഏരിയ ഓഫ് ഇന്ട്രെസ്റ്റ്‌ അതില്‍ നിന്നും മാറിയിരുന്നു .എന്നിരുന്നാലും ആള്‍ കിട്ടിയ വണ്ടിയൊക്കെ എടുത്തു ഓടിക്കും ...അപ്പോള്‍ തന്നെ അതിന്‍റെ മോതലളിക്ക് ഒരു പണിയും കൊടുക്കും ..അങ്ങനെ നമ്മുടെ നാട്ടിലെ മതിലുകളെല്ലാം മൂപ്പരുടെ വണ്ടി കണ്ടാല്‍ പേടിച്ചു വിറക്കാനും തുടങ്ങിയ സ്ഥിതി വിശേഷം സംജാതമായി ! .ആദ്യം ഒക്കെ നാട്ടുകാര്‍ ചെറിയ രീതിയില്‍ പ്രതികരിച്ചു എങ്കിലും .. ഇതൊരു തുടര്‍ കഥയായപ്പോള്‍ മതിലുകളുടെ തീറാധാരം മൂപ്പരുടെ പേരില്‍ എഴുതി വച്ച് നമ്മള്‍ ആത്മ നിര്‍വൃതി കൊണ്ടു! .

വാല്‍ കഷ്ണം – അതോടു കൂടെയാണ് ആര്‍ടിഒമാര്‍ വണ്ടിയുടെ പിറകില്‍ കയറിയുള്ള റോഡ്‌ ടെസ്റ്റ്‌ പരിപാടി നിര്‍ത്തിയതത്രെ ...എന്താ ..അല്ലെ

Monday, December 14, 2015

ഉപാധികള്‍ ഇല്ലാത്ത സ്നേഹം



image courtesy -www.azquotes.com

 
ചില ദിവസങ്ങള്‍ അങ്ങനെയാണ് ..... മനസ്സിനെ ഒരു ചാറ്റല്‍ മഴയെന്ന പോലെ നനയ്ക്കും ...പക്ഷെ .. അതിന്‍റെ കുളിരില്‍  മനസ്സ് ഒരു പാട് സന്തോഷിക്കുകയും  ചെയ്യും.കഴിഞ്ഞ കര്‍ക്കിടക വാവ്  ബലി ദിവസം ഇപ്പോള്‍ എനിക്ക് അങ്ങനെ അനുഭവപെടുന്നു.

അന്നേ ദിവസം രാവിലെ തന്നെ  അച്ഛനും അമ്മയും കാരണവന്മാര്‍ക്കുള്ള  ബലി കര്‍മങ്ങള്‍ ഒക്കെ കഴിഞ്ഞു അടുക്കളയിലും പറമ്പിലും  വ്യാപ്രിതരായി നടക്കുകയായിരുന്നു .
ലീവ് ദിവസമായതിനാല്‍ ഒരല്‍പ്പം മടിയോടു കൂടി അല്പം വൈകി എണീറ്റു വരാന്തയില്‍ പേപ്പറും വായിച്ചു ഞാന്‍ സമയം തള്ളുകയായിരുന്നു

 “അച്ഛാ എന്തിനാ ആ ചോറൊക്കെ മുറ്റത്ത്‌ 1വേറിയിരിക്കുന്നത്?”

അപ്പോളാണ് മോള്‍ എണീറ്റു ഉമ്മറത്തേക്ക് വന്നിരിക്കുന്നു എന്ന കാര്യം ഞാന്‍ അറിഞ്ഞതു  .മുറ്റത്ത്‌ പതിവില്ലാതെ ഇലയും ഉരുള ചോറും കണ്ടു അവളുടെ കൊച്ചു കണ്ണുകള്‍ അതില്‍ ഉടക്കി നില്‍ക്കുനുണ്ടായിരുന്നു .

.അവളുടെ മനസ്സില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതു സംശയങ്ങള്‍ക്കുള്ള മറുപടിയും തരുന്ന ഒരു എന്സൈക്ലോപെഡിയ ആണ് (ആകണം) ഞാന്‍!

“മോളേ.. അത് കര്‍ക്കിടക ബലി ഇടുന്ന ദിവസമാണ് ഇന്നു .ഈ സമയം ഇങ്ങനെയൊക്കെ ചെയ്താല്‍ നമ്മുടെ മരിച്ചു പോയ  അപ്പൂപ്പന്മാരും അമ്മൂമ്മമാരും കാക്കകളുടെ  രൂപത്തില്‍  വന്നു ഈ ചോറൊക്കെ തിന്നും എന്നാണ് വിശ്വാസം”

“അപ്പൊ പിന്നെ എന്നെ എന്താ വിളിക്കാഞ്ഞതു ...എനിക്കും ബലി ഇടുന്ന കാണണേനും”

"അതങ്ങനെ കാണാന്‍ മാത്രം ഒന്നും ഇല്ല മോളു...അതിങ്ങനെ ചോറുണ്ടാക്കി അവിടെ അങ്ങനെ ഉരുട്ടി വെക്കുകയെ ഉള്ളൂ .എന്നിട്ട് കാക്കയെ കൈ മുട്ടി  വിളിക്കും..അത്രയെ ഉള്ളൂ ".ഞാന്‍ കാര്യങ്ങള്‍ കുറച്ചു നിസ്സാരവല്‍ക്കരിക്കാന്‍ ഒരു എളിയ ശ്രമം നടത്തി.

എന്നിട്ട് അപ്പൂപ്പനും അമ്മൂമ്മയും വന്നോ ...കാക്കയായിട്ടു ?
“ഇതു വരെ വന്നില്ല ...ചിലപ്പോള്‍ കുറച്ചു വൈകി പോയതായിരിക്കും.മോളു പൊയ് വേഗം പല്ല് തേയ്ക്കു”

പത്രവായനയെ തടസ്സപെടുത്താതിരിക്കാനും കൂടുതല്‍ ചോദ്യങ്ങള്‍ മുള പോട്ടാതിരിക്കാനും  ഞാന്‍ ഈ വക നമ്പറുകള്‍ മുന്‍പും അവള്‍ക്കു നേരെ പയറ്റിയിരുന്നു. 

അപ്പോഴും അവളുടെ കണ്ണുകളില്‍ കൌതുകം വിട്ടു മാറിയിരുന്നില്ല
രാവിലത്തെ ചായയും പലഹാരവും ഒക്കെ കഴിഞ്ഞു ഒന്ന് പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോളാണ്‌ കിലോയ്ക്ക് അറുപതു രൂപയും കൊടുത്തു വാങ്ങിയ നേന്ത്ര പഴത്തില്‍ ഒന്ന് ആ ബലിചോറിനിടയില്‍ കിടക്കുന്നു .

സംഗതി ചെയ്യാന്‍ സാധ്യതയുള്ള ഒരേ ഒരാളെന്ന നിലയില്‍ പുത്രിയെ വിളിപ്പിച്ചു .
“നീ എന്താടി ഈ ചെയ്തു വച്ചിരിക്കുനത് ? എത്ര രൂപയുടെ പഴം ആണെന്ന് അറിയാമോ നിനക്ക്? ഇങ്ങനെ ഒക്കെയാണോ ചെറിയ കുട്ടികള്‍ ചെയ്യുന്നത് ?ദിനം തോറും ഉള്ള വില വര്‍ദ്ധനവിനോടുള്ള ദേഷ്യം ഞാന്‍ വളരെ വ്യക്തമായി അവിടെ  പ്രദര്‍ശിപ്പിച്ചു .

"അച്ഛാ ..ഞാന്‍ അതു അപ്പൂപ്പനും അമ്മൂമയ്ക്കും വച്ചതല്ലേ ....അവരു വരുമ്പം  അതും  കൂടി കയിച്ചോട്ടെ..പാവം അമ്മൂമയും അപ്പൂപ്പനും അല്ലേ അച്ഛാ .. അവര്‍ക്ക് വിശക്കുന്നുണ്ടാവും ”

അതു കേട്ടതോടെ ഞാന്‍ പെട്ടന്ന് ഒന്ന് ഞെട്ടി.അവള്‍ ഒരിക്കല്‍ പോലും കാണാത്തതും അറിയാത്തതും ആയ  വ്യക്തികള്‍ക്ക് വേണ്ടി ആ പിഞ്ചു മനസ്സില്‍ നിന്ന്  ഇങ്ങനെ ഒരു വര്‍ത്തമാനം ഞാന്‍ തീരെ  പ്രതീക്ഷിച്ചില്ല.  
ഞാന്‍ അറിയാതെ എന്‍റെ  കണ്ണില്‍ നിന്നും കണ്ണീരു പൊടിഞ്ഞു . മോളെ കെട്ടിപിടിച്ചു കുറെ നേരം അവിടെ നിന്ന് .കുഞ്ഞുങ്ങള്‍ എത്ര സ്നേഹ സമ്പന്നര്‍ ...എത്ര നിഷ്കളങ്കര്‍ ....സമയ രഥങ്ങളില്‍  യാത്ര തുടങ്ങുന്ന സമയങ്ങളില്‍ എപ്പോളോ ഞാനും ഇതു പോലെയൊക്കെ ആയിരുന്നിരിക്കും .എന്നാല്‍ യാത്രയുടെ കയറ്റിറക്കങ്ങളില്‍ എന്‍റെ ചിന്തകളില്‍ നിന്ന് ആ  വികാരങ്ങള്‍ എപ്പോളൊക്കെയോ കൈ മോശം വന്നു പോയിരിക്കുന്നു .അതെന്നെ ഓര്‍മിപ്പിക്കാന്‍ ഒരു നേഴ്സറി വിദ്യാര്‍ത്ഥിനി തന്നെ വേണ്ടി വന്നു .
Child is the father of the man

*1= വിതറുക