Thursday, March 17, 2016

പരിണാമം


വായനയ്ക്ക് മുൻപ് ......

എനിക്ക് എന്റെ ശരിയും നിങ്ങൾക്ക് നിങ്ങളുടെ ശരിയും ഉണ്ട്.ശരികളെ കൊണ്ട് മത്സരിക്കുകയാണ് നമ്മൾ  നമ്മുടെ ഇന്നലെകളിലും ഇന്നുകളിലും   ശരികളെ ഒന്നു ശരിയായി കാണാനുള്ള ഒരു ശ്രമം .... അത്രേ ഉള്ളൂ.... 

coutesy. www.youtube.com

' പണ്ട് പണ്ട് ഒരു കാട് ഉണ്ടായിരുന്നു

.അവിടെ കുറേ അരൂപികളായ  അമീബകള്‍ മാത്രമേ ജീവിച്ചിരുന്നു. ഇഷ്ടമുള്ള രൂപങ്ങള്‍ സ്വീകരിച്ചു കൊണ്ട് സ്വച്ചശാന്തരായി  ആ കാട്ടില്‍  അവര്‍ വിഹരിച്ചിരുന്നു .അങ്ങനെയിരിക്കെ ആ  കാട്ടില്‍ ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടു .കടുത്ത ജല ദൌര്‍ലഭ്യം അവരെ എല്ലാവരേയും വേട്ടയാടി .രക്ഷ ഇല്ലാതെ അമീബകള്‍  ദാഹനീരിനായി  പല വഴി പരക്കം പാഞ്ഞു .കാടിന്‍റെ കിഴക്ക് പ്രദേശത്ത് എത്തിയ അമീബകള്‍ ചെങ്കുത്തായ വലിയ  ഒരു മലയുടെ അടിവാരത്തില്‍ എത്തി  .അതിന്‍റെ മുകളിലായി ഉള്ള  പാറ മടകളില്‍ വെള്ളം കാണും എന്ന പ്രതീക്ഷകളില്‍ അവര്‍ ആ മല കയറാന്‍ തുടങ്ങി! ദിവസങ്ങളോളം ഇഴഞ്ഞു നീങ്ങിയ അവര്‍ ഒടുവില്‍ വളരെ പണി പെട്ടു ആ പര്‍വതത്തെ കീഴടക്കി .അതിന്‍റെ മുകളിലെ പാറ മടകളില്‍ നിന്നും അവര്‍ക്ക് തെളി നീര്‍ ലഭിക്കുകയും ചെയ്തു 

courtesy .www.geograph.org.uk



പടിഞ്ഞാറു ഭാഗത്തേക്ക്‌  പോയ അമീബകള്‍ തീ പിടിച്ച ഒരു പുല്‍ മേടിന്‍റെ അരികിലാണ് അവസാനം എത്തിയത് .ആ തീ കാടിന്‍റെ അപ്പുറത്തായി ഒരു വറ്റാത്ത നീരുറവ ഉണ്ടെന്നു തല മുതിര്‍ന്ന അമീബകളില്‍ ആരോ പുതു തലമുറയെ അറിയിച്ചിരുന്നു .അങ്ങനെ അവര്‍ ആ  അഗ്നി ഹര്‍മ്യത്തെ  മുന്നേറി പറക്കാനുള്ള ശ്രമം ആരംഭിച്ചു.അതിനായി കൊച്ചു  ചിറകുകളുമായി അവര്‍ ശ്രമം തുടങ്ങി .ക്ഷീണിതരായ ചിലര്‍ ആ ശ്രമത്തിനിടെ തീയില്‍ പെട്ടു മരിച്ചു .എന്നിരുന്നാലും ബാക്കിയുള്ളവര്‍ ‘തീ’യെ കീഴടക്കുന്നതില്‍  വിജയിച്ചു .അവര്‍ പ്രതീക്ഷിച്ചത്  പോലെ അവര്‍ക്ക് ദാഹ ജലം ലഭിക്കുകയും ചെയ്തു .

coutesy www.wikipedia .org




തെക്ക് ഭാഗത്തേക്ക്‌ പോയവര്‍ ഒരു വലിയ ഗര്‍ത്തത്തിന്‍റെ മുന്നിലാണ്  എത്തിയത് .കുത്തനെ ഇറങ്ങേണ്ട അതിന്‍റെ അടിയില്‍ നിന്നും നീരുരവയുടെ ശബ്ദം കേട്ട് അവര്‍  സന്തോഷത്തോടെ അതിലേക്കു ഇറങ്ങാന്‍ തുടങ്ങി .ഗര്‍ത്തത്തിന്റെ ചുവരുകളില്‍ അള്ളി പിടിക്കാനായി അവര്‍ രണ്ടു കൈകളും രണ്ടു കാലുകളും രൂപപെടുത്തി വളരെ ആയാസപെട്ടു കൊണ്ട്    അടിയില്‍ എത്തി ചേരുകയും ദാഹം തീര്‍ക്കുകയും ചെയ്തു 

coutesy -www.youtube.com




വടക്ക് ഭാഗത്ത്‌ പോയവര്‍ കടലിന്‍റെ മുന്നിലാണ് എത്തി പെട്ടത് .ഉപ്പു ജലം നിറഞ്ഞ കടല്‍ കണ്ടു നിരാശരായ അവര്‍ രണ്ടും കല്പിച്ചു കടലില്‍ ഇറങ്ങി നീന്താന്‍ തുടങ്ങി .നീന്താന്‍ വേണ്ടി അവര്‍ രണ്ടു ചിറകുകളും ഒരു വാലും  ശരീരത്തില്‍ ഉണ്ടാക്കി  .കുറെ നേരം നീന്തിയ അവര്‍ ഒരു ദ്വീപില്‍ എത്തിച്ചേരുകയും അവിടെ ഉണ്ടായിരുന്ന തടാകത്തില്‍ നിന്നും ദാഹം തീര്‍ക്കുകയും ചെയ്തു 

www.commons.wikipmedia.org
വേനല്‍ കാലം കഴിഞ്ഞു .ആ കാട്ടില്‍ മഴ പെയ്തു .പല വഴിക്ക് പോയ അമീബകള്‍ എല്ലാരും തിരിച്ചെത്തി .
കിഴക്ക് നിന്നും വന്നവര്‍ പറഞ്ഞു .”നമ്മള്‍ എല്ലാവരും ഇനി മുതല്‍ ഇഴഞ്ഞു നടക്കണം .എന്നാല്‍ മാത്രമേ നമ്മള്‍ക്ക് ദുരിത കാലത്തെ അധിജീവിക്കാന്‍ പറ്റുള്ളൂ” .
അപ്പോള്‍ പടിഞ്ഞാറു ഭാഗത്തെ കൂട്ടര്‍ പറഞ്ഞു . “പറക്കാന്‍ കഴിയാത്ത ഒരാള്‍ക്കും അധിജീവനം സാധ്യമല്ല ! നമ്മള്‍ എല്ലാവരും ഇനി മുതല്‍ പറക്കാന്‍ ചിറകുകളുമായി നടക്കണം .അല്ലാത്തവര്‍ക്ക് ഒരു രക്ഷയും ഇല്ല” .
“അതു നിങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ മതിയോ” ?തെക്ക് ഭാഗത്ത്‌ നിന്നും വന്നവര്‍ ചോദിച്ചു . “നമ്മള്‍ കൈയും കാലുകളുമായി ജീവിക്കാന്‍ ശീലിക്കണം .ഒരു അമീബയും  ഇവയില്ലാതെ പൂര്‍ണരാകില്ല .ഞങ്ങളുടെ അനുഭവം വച്ച് പറയുകയാ”
“നിര്‍ത്ത്!!! ഈ അര്‍ത്ഥമില്ലാത്ത സംസാരം .ചിറകുകളും വാലുകളും ഇല്ലാതെ നീന്താന്‍ കഴിയില്ല.നീന്താന്‍ അറിയാത്തവര്‍ക്ക് അധിജീവനം സാധ്യവുമല്ല” !

courtesy .www.en.wikipedia.org
അങ്ങനെ അമീബകള്‍ തമ്മില്‍ ലഹള തുടങ്ങി .അടുത്ത വരള്‍ച്ച വരെ അവര്‍ പരസ്പരം കൊന്നും കൊടുത്തും ജീവിച്ചു.എന്നാല്‍ ആരാണ് ശരി എന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ കഴിഞ്ഞും ഇല്ല  .വരള്‍ച്ച വന്നപ്പോള്‍ കിഴക്ക് ഭാഗത്തേക്ക്‌ ഇഴഞ്ഞും പടിഞ്ഞാറേക്ക്‌ പറന്നും തെക്കൊട്ടേക്ക് നടന്നും  വടക്കോട്ടേക്ക് നീന്തിയും അവര്‍ യാത്രയായി ..