Tuesday, August 9, 2016

ബാഹുബലിയുമായി രണ്ടു മാസം ...ഹോ !!



      താമസിക്കാന്‍ പോകുന്ന വീട്ടില്‍ കുറച്ചു അലൂമിനിയം ഫേബ്രികേഷന്‍ ചെയ്യാന്‍ തത്വത്തില്‍ ധാരണയായി .സ്ഥലത്തെ പ്രധാന ഫേബ്രികേട്ട്ര്‍ ആയ മിസ്റ്റര്‍  ബാഹുബലിയെ അപ്പോള്‍ തന്നെ വിളിച്ചു .വിളിച്ചു ഒരഞ്ചു മിനിറ്റു കഴിഞ്ഞപ്പോളേക്കും ആള്‍  മുന്‍പില്‍ ഹാജര്‍ . ലവന്റെ ഉത്തരവാദിത്വത്തില്‍ നമ്മള്‍ സന്തുഷ്ടരായി .ചെയ്യാൻ  പോകേണ്ട ജോലിയെ കുറിച്ച് ബാഹുബലിയെ  പറഞ്ഞു മനസ്സിലാക്കി കൊടുത്തു .ഉടന്‍ തന്നെ  വാള്‍ ഉറയില്‍ നിന്ന്  ഊരും പോലെ മെഷറിംഗ് ടേപ്പ് വലിച്ചൂരിയെടുത്തു കിഴക്ക് നിന്നും പടിഞ്ഞാറേക്കും തെക്ക് നിന്നും വടക്കോട്ടെക്കും അതും വലിച്ചു നടന്നു .അഗാധമായ  ചിന്തയ്ക്ക് ശേഷം തന്‍റെ ഡയറിയില്‍ കുറെ ഹരിക്കലും ഗുണിക്കലും ചെയ്തു നോക്കി , ശേഷം പതുക്കെ മുഖം എന്‍റെ നേരെ ഉയര്‍ത്തി
 .
“ഇതു നമ്മക്ക് ശരിയാക്കി കളയാം"
“അല്ല ലവന്‍ ....നമുക്ക് ഈ ഇരുപത്തിഅഞ്ചിനു  ഇവിടേയ്ക്ക്  മാറേണ്ടതാണ് .അതിനു മുന്‍പ് തീര്‍ക്കാന്‍ പറ്റുമോ.അല്ലേല്‍ അടുത്ത മാസ വാടക ഞങ്ങള്‍  ഇനിയും വാടക വീട്ടില്‍  കൊടുക്കേണ്ടി വരും ”?
“ഇരുപത്തിഅഞ്ചിനു ഇനിയും എന്തോരം ദിവസം കെടക്കണ് ...ഇന്നിപ്പോള്‍ രണ്ടാം തീയതിയല്ലേ ആയുള്ളൂ .എനിക്കിത് ഒരു രണ്ടു ദിവസത്തെ വര്‍ക്ക്‌ .അത്രയേ ഉള്ളൂ .ഞാന്‍ ഇപ്പം  തന്നെ സാധനം എടുക്കാന്‍ പോകും ..നാളെ ഞായറാഴ്ച ,ലീവ് അല്ലെ തിങ്കളാഴ്ച ഇതല്ലാം സെറ്റ് ചെയ്യും ..ചൊവ്വാഴ്ച  ഇവിടെ വന്നു എല്ലാം ഫിറ്റ്‌ ചെയും . ഏറി വന്നാല്‍ ബുധനാഴ്ചയോടെ  എല്ലാം തീരും. ഇങ്ങള്  മാറി താമസിക്കാനുള്ള  ബാക്കി ഏര്പ്പാട് എന്താന്ന്  വച്ച ചെയ്തോളി ."

ഇതും പറഞ്ഞു ലവന്‍ തന്‍റെ ഡയറിയില്‍ വീണ്ടും കാര്യമായി എന്തോ എഴുതി പിടിപ്പിക്കാന്‍ തുടങ്ങി.അതിനിടയില്‍  ഒരു കിണ് കിണ് ശബ്ദത്തോടെ മൊബൈല്‍ അടിക്കുന്നതും ആള്‍ ഡിയുറൊഫ്ലക്സ്‌ കിടക്കയുടെ പരസ്യത്തില്‍ സ്പ്രിംഗ് ചാടുന്നത് പോലെ ഒരു ചാട്ടവും ഓട്ടവും .അതോടെ ആ രംഗം തീര്‍ന്നു

തിങ്കളാഴ്ച ഞാന്‍ ലീവ് ആക്കി നമ്മുടെ ബാഹുബലിയെ കാത്തു നിന്നു.ഒന്‍പതു മണിക്ക് ഒന്ന് കൂടി ഫോണ്‍ ചെയ്തു
"ഞാന്‍ ഒരു പത്തു മണിക്ക് അവിടെ എത്തും .വാതില് തുറന്നു വച്ചേക്കണം .കുറച്ചു സാധനം  എടുത്തു  വെക്കാനുണ്ട് ".

 ഞങ്ങള്‍  കാത്തിരിപ്പു തുടങ്ങി .ഉദ്ധിഷ്ട കാര്യത്തിന്റെ ഫല പ്രാപ്തിക്കു വേണ്ടി കൊറേ ഏറെ ദോശയും   ചായയും ഉണ്ടാക്കി.അങ്ങനെ പത്തു മണിയായി ,പതിനൊന്നു മണിയായി ,പതിനൊന്നരയായി ...ഒരനക്കവും ഇല്ല .മുന്‍പിലെ റോഡില്‍ ഓരോ വണ്ടി പോകുമ്പോളും ഗള്‍ഫില്‍ നിന്നും  ഭര്‍ത്താവു വരുമ്പോള്‍ അതില്‍ അദ്ദേഹം ആയിരിക്കും എന്ന് കാത്തിരിക്കുന്ന ഭാര്യയെ പോലെ ഞാൻ പണി തീരാത്ത കൊലായില്‍ നമ്മുടെ ടിയാനെയും കാത്തു നിന്നു.മൊബൈലില്‍ വിളിച്ചു നോക്കി .ബെല്‍ അടിക്കുന്നതല്ലാതെ ആള്‍ എടുക്കുന്നില്ല .എനിക്ക് ദേഷ്യവും വിഷമവും തിളച്ചു പൊങ്ങി .അതു മുഴുവന്‍ ഞാന്‍ ആ പാവം പലഹാരങ്ങളോടും ചായയോടും തീര്‍ത്തു .എന്തായാലും അന്ന് വീട്ടില്‍ ചോറ് വെക്കേണ്ടി വന്നില്ല ..രാവിലെ ദോശയും ചായയും ....ഉച്ചയ്ക്ക് ചായയും ദോശയും ....രാത്രി കുറച്ചു വളിച്ച ദോശയും ചായയും

പിന്നെ കുറെ ദിവസത്തേക്ക് ലവന്‍റെ പോടി പോലും കണ്ടില്ല  .എന്‍റെ ഫോണില്‍ നിന്നുള്ള ഒരു വിളിയും പുള്ളി എടുക്കാറും ഇല്ല  .അവസാനം എന്‍റെ ഒരു സുഹൃത്തിന്‍റെ ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ എങ്ങനെയോ എടുത്തു .കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഞാന്‍ അതു പുറത്തു കാണിക്കാതെ സംസാരിച്ചു (അപ്രീതി സമ്പാദിച്ചാല്‍ ഞാന്‍ കൊടുത്ത അഡ്വാന്‍സ്‌ സ്വാഹയാകും).അപാര തോലിക്കട്ടിയോടെ അവന്‍ എന്നോട് സംസാരിച്ചു .എന്‍റെ ഫോണിലെ വിളികള്‍ അവന്‍റെ ഫോണില്‍ നിന്നും എടുക്കാന്‍ പറ്റുന്നില്ലത്രേ!അങ്ങനെ ഒരു പ്രത്യേകതയുള്ള ഒരു ഫോണ്‍ ആണ് പോലും തിരുമേനിയുടേത് .എന്തായാലും നാളെ നമ്മള്‍ സാധനങ്ങളുമായി വരാന്‍   പോകുകയാണ് .ഇനിയൊന്ന്‍ കൊണ്ടും പേടിക്കേണ്ട എന്നൊക്കെ എന്നെ സമാധാനിപ്പിച്ച ധൈര്യത്തില്‍ ഞാന്‍ ഫോണ്‍ വച്ചു .പിറ്റേന്നത്തെ ഇര എന്‍റെ ഭാര്യാപിതാവായിരുന്നു .അദ്ദേഹം രാവിലെ പോയി വീടൊക്കെ തുറന്നു .അടുത്ത വീട്ടില്‍ നിന്ന് ഒരു കസേരയോക്കെ കടം വാങ്ങി അതില്‍ ഇരുന്നു അവരെ കാത്തിരിക്കാന്‍ തുടങ്ങി .കാത്തിരുന്ന് കാത്തിരുന്ന് പുള്ളി അവിടെ ഉറങ്ങി പൊയ് എന്നാണ് പറഞ്ഞത് .മൂന്നു മണി  ആയപ്പോള്‍  പുറത്തൊരു' ശബ്ദം കേട്ട് പുള്ളി പുറത്തേക്കു നോക്കി. നമ്മുടെ നായകന്‍ പ്രത്യക്ഷപ്പെട്ട് ,കയ്യില്‍ ഒരു ചെറിയ സഞ്ചിയും ആയി നില്‍ക്കുന്നു .വല്യൊരു ലോറി നിറയെ സാധനം  പ്രതീക്ഷിച്ച ഫാദര്‍ ഇന്‍ ലോ പകച്ചു നിക്കുമ്പോള്‍ നമ്മുടെ ബാഹുബലി സഞ്ചിയില്‍ നിന്നും കുറച്ചു സ്ക്രൂ ഡ്രൈവറും ഒരു ഡ്രില്ലിംഗ് മെഷിനും ഇറക്കി വച്ച് ഒരൊറ്റ പോക്ക് .അദ്ഭുതപരതന്ത്രനായി നിന്ന എന്‍റെ ഭാര്യാപിതാവിനു എന്തെങ്കിലും പറയാനുള്ള ഒരു സാവകാശം ആ മഹാമനസ്സു കൊടുത്തില്ല . എന്താല്ലേ! 

അങ്ങനെ ഇരുപത്തഞ്ചും കഴിഞ്ഞു മാസങ്ങള്‍ പലതും കഴിഞ്ഞു .നീലകുറിഞ്ഞി പൂക്കുന്നത്  പോലെ ഇടയ്ക്കു വന്നു ഒരു മുട്ടല്‍,ഒരു തട്ടല്‍  പിന്നെ മുങ്ങല്‍ .ഇങ്ങനെ നമ്മുടെ ബാഹുബലിയുടെ ക്രീഡകള്‍ ഒരു രണ്ടു മാസം നീണ്ടു നിന്നു.ഇതെല്ലാം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി .ദേഷ്യവും സങ്കടവും നിയന്ത്രിക്കാന്‍ യോഗയെക്കാള്‍ നല്ലത് ബാഹുബലിയെ പോലുള്ള ഒന്നിനെ വാങ്ങി വച്ചാ മതി ...

10 comments:

  1. ഒരനുഭവവും പാഴാക്കാ' തെ എഴുതിക്കോ രസകരമായി നിർത്താതെ വായിച്ചു് ..... തുടർന്നോ

    ReplyDelete
    Replies
    1. മറുപടിക്കു ഒരായിരം നന്ദി.

      Delete
    2. മറുപടിക്കു ഒരായിരം നന്ദി.

      Delete
  2. ഹാ ഹാ ഹാ.കലക്കി.എന്നിട്ടെന്തായി.ബാഹുബലിയില്ലാതെ ഫാബ്രിക്കേഷൻ നടത്തിയോ??

    ReplyDelete
    Replies
    1. ബാഹുബലി തന്നെ ശരണം ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി പ്രിയ സുഹൃത്തേ

      Delete
  3. ഒന്നാന്തരം... നന്നായിരിക്കുന്നു..
    ഇതുപോലെ കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ എനിക്കും ഒരു അനുഭവം ഉണ്ട്. എന്നങ്കിലും എഴുതണം









    ReplyDelete
    Replies
    1. തീർച്ചയായും എഴുതണം ചേട്ടാ .. നമ്മുടെ വിഷമം ഇങ്ങനെയല്ലേ തീർക്കാൻ പറ്റത്തുള്ളൂ ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി .

      Delete
  4. ഒന്നാന്തരം... നന്നായിരിക്കുന്നു..
    ഇതുപോലെ കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ എനിക്കും ഒരു അനുഭവം ഉണ്ട്. എന്നങ്കിലും എഴുതണം









    ReplyDelete
  5. :) avante number tha ! Oru aluminium fabricationundu

    ReplyDelete
    Replies
    1. നല്ല അലൂമിനിയം ഫേബ്രിക്കേഷൻ ക്ഷമാശീലത്തി ന് വളരെ വളരെ നല്ലതാണ് ...

      Delete