Thursday, December 11, 2014

ഒരു വിദ്യാര്‍ഥിയില്‍ നിന്നും ജോലിക്കാരനിലേക്കുള്ള ദൂരം .......









നാലാം വര്‍ഷ ബിഎസ്സ്സി നഴ്സിംഗ് കഴിഞ്ഞു നില്‍ക്കുന്ന സമയം .ജീവിതം ഒരു വഴി തിരിവിലേക്ക് വന്നത് പോലെ.ഇനി സ്വന്തം കാലില്‍ നില്‍ക്കാം എന്ന തോന്നല്‍ കലശലായി തോന്നി തുടങ്ങിയ സമയം.അതു കൊണ്ട് എത്രയും പെട്ടന്ന് ഒരു ജോലി ശരിയാക്കണം എന്ന പൂതി മനസ്സില്‍ മുള പൊട്ടി .
ആ സമയം ബിഎസ്സ്സി നഴ്സിംഗ് അത്യാവശ്യം നല്ല ഡിമാന്‍ഡ് ഉള്ള സമയം ആയിരുന്നു  .പഠിച്ചവര്‍ പഠിച്ചവര്‍ ഒരു രണ്ടു കൊല്ലം കൊണ്ട് അമേരിക്കകാര്‍ ആകുന്ന  പ്രക്രിയ സംഭവിച്ചു കൊണ്ട് നില്‍ക്കുന്ന സമയം  .അമേരിക്കന്‍ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഒരു വിസ ആയിരുന്നു നഴ്സിംഗ് !നഴ്സിംഗ് സ്കൂളുകള്‍ ചറ പറ എന്ന് മുളച്ചു പൊങ്ങി കിടക്കുന്ന സമയം . ബിഎസ്സ്സി നഴ്സിംഗ് കഴിഞ്ഞവരുടെ ഒരു ഇട താവളം ആയിരുന്നു ആ സമയം ഈ നഴ്സിംഗ് സ്കൂളുകള്‍ .അവിടെ പഠിപ്പിച്ചു കൊണ്ട് അമേരിക്കയിലേക്കുള്ള ആര്‍.എന്‍ നഴ്സിംഗ് പരീക്ഷ പാസാവുക.എന്നിട്ട് നേരെ അമേരിക്കയിലേക്ക് പറക്കുക .ഇതായിരുന്നു ആ സമയം ഈ മേഘലയില്‍ നടന്നു കൊണ്ടിരിക്കുന്ന സമ്പ്രദായം .
അങ്ങനെ ഞാനും എന്‍റെ സുഹൃത്ത് റസാക്കും കൂടി കണ്ണൂരില്‍ ആ സമയം നല്ല രീതിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു നഴ്സിംഗ് സ്കൂളില്‍ ജോലിക്ക് അപേക്ഷിച്ചു.നമ്മുടെ ഭാഗ്യത്തിന് ആ സമയം അവിടെ നിന്നും ഒരു ബാച്ച് അമേരിക്കയിലേക്ക്‌ പറന്നു പോയ ഒരു സമയം ആയിരുന്നു .അതു കൊണ്ട് ജോലി കിട്ടാന്‍ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല .
“എടാ നമ്മക്കും ജോലി കിട്ടിയെടാ ജോലി .  ... !!!”
അഭിനന്ദിക്കാന്‍ വേറെ ആരും ഇല്ലാത്തത് കൊണ്ട്  നമ്മള്‍ രണ്ടാളും പരസ്പരം അഭിനന്ദിച്ചു തൃപ്തി അടഞ്ഞു.
അങ്ങനെ പരസ്പര അനുമോദനങ്ങള്‍  ചൊരിഞ്ഞു കൊണ്ട് നമ്മള്‍ ജോലിയില്‍ പ്രവേശിച്ചു .ഷര്‍ട്ട്‌ ഇന്‍ സൈഡ് പോയിട്ട് മുടി പോലും ചീകാതെ സോഷ്യലിസം സംസാരിച്ചു നടന്ന നമ്മള്‍ പുതിയ ഷര്‍ട്ടും കാല്‍ ശറായും വാങ്ങി! ബാക്കി ഉള്ള പൈസക്ക് വഴിയോരത്തു നിന്നും ഒരു ജോഡി ബാറ്റ കമ്പനിയുടെ പോലുള്ള ഒരു പാട്ട  ഷൂവും വാങ്ങി .
.

അത്രയും കാലം വിദ്യാര്‍ഥി ജീവിതത്തിന്‍റെ ഹാങ്ങ്‌ ഓവര്‍ മാറാതെ പ്രവേശിച്ച ഞങ്ങള്‍ക്ക് പിന്നെ എല്ലാം  നവീന അനുഭവങ്ങള്‍ ആയിരുന്നു .
സ്വന്തമായി ഒരു മേശ ,ഒരു കസേര ,ചായ ...ഹോ എന്‍റെ അമ്മോ ..... സത്യം പറയാലോ ...നമ്മളാകെ ത്രില്‍ അടിച്ചു ...മാസാവസാനം ശമ്പളം അയ്യായിരം രൂപ കയ്യില്‍ കിട്ടുമ്പോള്‍ മേലാകെ ഒരു കുളിരങ്ങു പാഞ്ഞു കേറി .ആദ്യമായിട്ടാണ് അത്രയും രൂപ ഒരുമിച്ചു കയ്യില്‍ കിട്ടുന്നത് .അംബാനിക്ക് റിലയന്‍സിന്‍റെ കമ്പനി ലാഭം കയ്യില്‍ കിട്ടിയ അവസ്ഥ പോലെയായി നമ്മുടെ അവസ്ഥ ...കുറച്ചു പൂജ്യങ്ങളുടെ കുറവുണ്ടെങ്കിലും...
“ നമ്മളും പൈസ കാരായി മോനെ ...ഇതു ഒരു തുടക്കമായി കണ്ടാല്‍ മതി” –റസാക്കിന്‍റെ ഉപദേശം പുറകെ വന്നു
“ഇനി ഈ കയ്യില്‍ എന്തോരം പൈസയും ഡോളറും എല്ലാം വരാനുള്ളതാ അളിയാ”- ഞാനും ആവേശം ഒട്ടും കുറച്ചില്ല
“എടാ നമ്മക്ക് എന്ന് ഹാഫ് ഡേ ലീവ് ആക്കി നമ്മുടെ കോളേജിലേക്ക് വിട്ടാലോ .നമ്മള് പൈസകാരായ വിവരം അവരും അറിയട്ടെ”- റസാക്ക് ഒരു നവീന ആശയം  പ്രകടിപ്പിച്ചു .
ന്യായമായ ആ നവീന ആശയത്തിന് എനിക്ക് ഒരു എതിരഭിപ്രായം ഉണ്ടായില്ല  .
അങ്ങനെ ഹാഫ് ഡേ ലീവ് എടുത്തു ഞാനും റസാക്കും തലശ്ശേരിക്ക് ബസ്‌ കയറി .
“പറ്റുമെങ്കില്‍ നമ്മക്ക് ജുനിയര്‍ പിള്ളേരെ ഒക്കെ കണ്ടു ഒരു മോട്ടിവേഷന്‍ സ്പീച്ചും നടത്തി കളയാം” കോളേജ് കാമ്പസ്സില്‍ കയറുന്നേരം ഞാന്‍  റസാക്കിന്‍റെ അടുത്ത് പറഞ്ഞു .
അങ്ങനെ റസാക്കും ഞാനും  നമ്മുടെ കോളേജിന്‍റെ പടിവാതില്‍ കടന്നു അകത്തേക്ക് പ്രവേശിച്ചു .പുറത്തെങ്ങും ഒരു പൂച്ച പോലും കാണുന്നില്ല .
“ക്ലാസുകള്‍ തകര്‍ക്കുകയായിരിക്കും .ഒരു മണത്തിന് പോലും ഒരാളെയും കാണുന്നില്ലലോ”-റസാക്ക് തന്‍റെ വടകര ശൈലി പുറത്തേക്കു കൊണ്ട് വന്നു
കോളേജിന്‍റെ വരാന്തയില്‍ കൂടെ ഞാനും റസാക്കും അങ്ങനെ നടന്നു .അവിടുന്ന് പോയിട്ട് കുറെ കാലമൊന്നും ആയില്ലേലും ഒരു പതിറ്റാണ്ടിന് ശേഷം അവിടെ ചെല്ലുന്നവരെ പോലെ ഞാനും എന്‍റെ പ്രിയപ്പെട്ട സുഹൃത്തും നടന്നു . നോട്ടീസ് ബോര്‍ഡിനടുത്തു എത്തിയപ്പോള്‍ ഓര്‍മ്മകള്‍ ധാര ധാരയായി പ്രവഹിക്കാന്‍  തുടങ്ങി .
“എന്തെല്ലാം വാര്‍ത്തകള്‍   ഈ നോട്ടീസ് ബോര്‍ഡില്‍ വന്നു പോയിട്ടുണ്ട് റസാക്കെ”  എനിക്കങ്ങു ആകെ പരവേശം ആയി
“നമ്മള്‍ പ്രിന്‍സിപ്പലിന്‍റെ സമ്മതം ഇല്ലാതെ ആ ബോര്‍ഡ്‌ ഉപയോഗിച്ചതിനു പണി കിട്ടിയ ഓര്‍മ്മയുണ്ടോ” റസാക്ക് തന്‍റെ ഓര്‍മയുടെ ഭാണ്ഡം ചികയാന്‍ തുടങ്ങി
“മാഡത്തിന് ഇപ്പോളും അതിന്‍റെ ഒരു ദേഷ്യം കാണാതിരിക്കില്ല അല്ലെ” ?
“ഏയ് ... അതെല്ലാം പഴയ കഥയല്ലേ ....അങ്ങനെ ഉണ്ടേല്‍ നമ്മളൊന്നും ഫോര്‍ത്ത് ഇയര്‍ പാസ്‌ ആവില്ലലോ” ?
“എന്തൊക്കെ പറഞ്ഞാലും മാഡത്തിന് നമ്മളെ അത്രയ്ക്ക് വെറുപ്പോന്നും ഉണ്ടാവാന്‍ വഴിയുണ്ടാവില്ല”
“എന്നാലും നമ്മള്‍ ആ സമയം മാഡത്തിനെതിരെ അന്ന് നോട്ടീസ് ബോര്‍ഡില്‍ വാര്‍ത്ത‍ ഇട്ടത് തീരെ ശരിയായില്ല” –കുറ്റബോധം ഇവിടെ എവിടെയോ നിന്ന നില്‍പ്പിനു  തലപൊക്കി !
“പക്ഷെ എന്തു പറഞ്ഞാലും മാഡത്തിന് നമ്മളെ വല്യ കാര്യമായിരുന്നു .സെന്‍റ് ഓഫിനു പുള്ളിക്കാരിയുടെ കണ്ണ് നിറഞ്ഞു പോകുന്നത് ഞാന്‍ കണ്ടതാ “
“അതു ചിലപ്പോള്‍ ആനന്ദാശ്രുക്കള്‍ ആയിരിക്കും”
“ഒന്ന് പോടാ ... ചൊറിയാതെ .നമ്മക്ക്  മാഡത്തിനെ ഒന്ന് ചെന്ന് കണ്ടാലോ”
“ആ പറഞ്ഞത് ന്യായം” ...
“എന്നാല്‍ വേഗം വാ” ...
അങ്ങനെ നമ്മള്‍ പ്രിന്‍സിപ്പലിന്‍റെ മുറിയുടെ അടുത്തെത്തി  
“നമ്മളെ കാണുമ്പോള്‍ മാഡത്തിനു ഭയങ്കര സന്തോഷം ആവും” റസാക്ക് തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു .
അപ്പോള്‍  അതാ.... പ്രിന്സിപലിന്‍റെ മുറിയുടെ വാതില്‍  തുറക്കുന്നു ....
പ്രിന്‍സിപ്പല്‍ മുറിയുടെ പുറത്തേക്കു ഇറങ്ങി വരുകയാണ് .
അപ്രതീക്ഷിതമായ് സംഭവിച്ച ഈ സംഭവത്തില്‍ നമ്മള്‍ പെട്ടന്ന് ഒന്ന് പരുങ്ങി .ഞാന്‍ ഒരു ധൈര്യത്തിന് റസാക്കിനെ നോക്കി .പക്ഷെ അവന്‍ എന്‍റെ പിറകിലേക്ക് ചുവടു വച്ച് മാറി കളഞ്ഞിരിക്കുന്നു .പ്രിന്‍സിപ്പല്‍ നടന്നു അടുക്കുകയാണ് .നമ്മള്‍ തമ്മിലുള്ള ബൌധിക ദൂരം കുറഞ്ഞു കുറഞ്ഞു അവസാനം നമ്മുടെ തൊട്ടു അടുത്ത് മാഡം എത്തി .കണ്ണടയില്‍ ഇടയില്‍ കൂടെ കണ്ണുകള്‍ ഉയര്‍ത്തി നമ്മളെ നോക്കി കുറച്ചു നേരം നിന്നു.
ഞങ്ങള്‍ ഭവ്യതയോടെ ഒന്ന് ചിരിച്ചു . എന്നിട്ട് ഒരു എന്‍ട്രിക്കായി ശ്രമിച്ചു കൊണ്ട് ഇങ്ങനെ തുടങ്ങി ..
“മാഡം ..ഞങ്ങള്‍ .....
STOP IT”!!
പ്രതീക്ഷയ്ക്ക് വിപരീതമായി പ്രിന്‍സിപ്പലിന്‍റെ  മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നതാണ് കണ്ടത് .
“ഒന്നും പറയണ്ട ..രണ്ടെണ്ണവും ...ക്ലാസും കട്ട്‌ ചെയ്തു ഇങ്ങനെ നടന്നോ..എന്താ ഈ ഔര്‍ ക്ലാസ്സില്‍ കയറാഞ്ഞത്‌? Tell me the reason?  അല്ലേലും നിന്നോടോന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . this is too much ..I have given you warning for hundred times..So.. ഇനി വീട്ടില്‍ നിന്നും ആരെങ്കിലും വന്നിട്ട് മക്കള് ക്ലാസ്സില്‍ കയറിയ മതി”
എന്തെല്ലാം ഉണ്ട് മക്കളെ വിശേഷം...ജോലി കിട്ടിയോ വീട്ടില്‍ എല്ലാവര്‍ക്കും എങ്ങനെ ഉണ്ട് ...ഇത്യാദി ചോദ്യങ്ങള്‍ പ്രതീക്ഷിച്ച നമ്മള്‍ക്ക് ഒരു വന്‍ തിരിച്ചടി ആയിരുന്നു ഈ ചോദ്യം .കുറച്ചു ദിവസം മുന്‍പ് നെഹ്‌റു കപ്പില്‍ ഖത്തര്‍ ടീമിനോട് 5 -0 ത്തിനു തൊറ്റിട്ടു വാര്‍ത്ത‍  സമ്മേളനത്തില്‍ ചിരിച്ചു കൊണ്ട് നിന്ന ഇന്ത്യന്‍ ക്യാപ്ടന്‍റെ അവസ്ഥ എനിക്ക് അപ്പോളാണ്  മനസിലായത് .   





No comments:

Post a Comment